ആക്രിപെറുക്കുന്നതിലെ തര്‍ക്കത്തില്‍ അ‍ജ്ഞാതനെ അടിച്ചുകൊന്ന കേസില്‍ പ്രതി പിടിയില്‍

കരുനാഗപ്പള്ളി. ആക്രി പെറുക്കി ജീവിക്കുന്നവർ തമ്മിലുണ്ടായ അടിപിടിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ് വന്ന അജ്ഞാതൻ മരിക്കാനിടയായ സംഭവത്തിൽ പ്രതിയായ ആളെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. കുളത്തൂപുഴ കല്ലുവെട്ടാംകുഴി കോളനിയിൽ താമസ്സിക്കുന്ന വിജയനാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.

ഇരുവരും ആക്രി പെറുക്കി ജീവിച്ചുവരുന്നവരാണ്. ഈ മാസം തീയതി കരുനാഗപ്പള്ളി പുതിയകാവ് ജംഗ്ഷനിലുള്ള കടത്തിണ്ണയിൽ പരിക്കേറ്റ നിലയിൽ അബോധാവസ്ഥയിൽ അജ്ഞാതനായ ഒരാൾ തലയ്ക്ക് പരുക്കേറ്റ് കാണപ്പെടുകയും തുടർന്ന് ഇയാളെ പോലീസ് ആശുപ്രതിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ചികിത്സയിൽ കഴിഞ്ഞ് വന്ന ഇയാൾ കഴിഞ്ഞ ദിവസം മരണപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ വിജയന്റെ സാധനങ്ങൾ ഇയാൾ മോഷ്ടിച്ചുകൊണ്ടുപോയി എന്നു പറഞ്ഞ് ഇരുവരും തമ്മിൽ വഴക്കുണ്ടായതായും ഇതിനെതുടർന്ന് വിജയൻ ഇയാളെ തലയിൽ അടിച്ച് പരിക്കേൽപ്പിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ പ്രദീപ് കുമാർ, കരുനാഗപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ ജയകുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം എസ്.ഐമാരായ ശ്രീകുമാർ. രാധാകൃഷ്ണപിളള, എ.എസ്.ഐ മാരായ ഷാജിമോൻ, ഷിബു നന്ദകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മരണപ്പെട്ട ആൾക്ക് ഉദ്ദേശം 50 നും 55 നും ഇടയിൽ പ്രായമുണ്ട്. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ച് വരികയാണ്. ഇയാളെ പറ്റി ഇതുവരെയും മറ്റ് വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.

Advertisement