കൊല്ലം. ബസിൽ നിന്ന് തെറിച്ചു വീണ വിദ്യാർത്ഥിയെ റോഡിൽ ഉപേക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ കടന്ന സംഭവത്തില്‍ അന്വേഷണം. എഴുകോണിലാണ് ഒൻപതാം ക്ലാസുകാരൻ ബസ്സിൽ നിന്ന് തെറിച്ചു വീണത്. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. സഹപാഠികൾ കരഞ്ഞ് ബഹളം ഉണ്ടാക്കിയെങ്കിലും കണ്ടക്ടറും ഡ്രൈവറും ബസ് നിർത്താൻ കൂട്ടാക്കിയില്ല എന്നും ആരോപണം.

ഓടുന്ന ബസ്സിൽ നിന്ന് കുണ്ടറ നാന്തിരിക്കൽ സ്വദേശിയായ നിഖിലാണ് തെറിച്ചുവീണത്. എഴുകോൺ ടെക്നിക്കൽ സ്കൂളിലെ വിദ്യാർത്ഥിയായ നിഖിലും സുഹൃത്തുക്കളും സ്കൂൾ വിട്ട് തിരികെ പോകും വഴിയായിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

സുഹൃത്തുക്കൾ കരഞ്ഞു നിലവിളിച്ചെങ്കിലും കെഎസ്ആർടിസി ജീവനക്കാർ വണ്ടി നിർത്താൻ തയ്യാറായില്ല. തൊട്ടടുത്ത സ്റ്റോപ്പായ ചീരങ്കാവിൽ വിദ്യാർഥികളെ ഇറക്കിവിട്ടു.

സുഹൃത്തുക്കൾ സ്കൂളിൽ എത്തി അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ നിഖിലിനെ പിന്നാലെ എത്തിയ കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ ഹോം ഗാർഡ് സുരേഷ് ബാബുവാണ് ആശുപത്രിയിൽ എത്തിച്ചത്. എഴുകോണിലെ സ്വകാര്യ ആശുപത്രിയിലും , കുണ്ടറ താലൂക്ക് ആശുപത്രിയിലും എത്തിച്ചശേഷം പരുക്ക് ഗുരുതരമായതിനാൽ നിഖിലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും മുഖത്തുമാണ് നിഖിലിന് പരുക്കേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here