ഏരൂർ. അയൽക്കാരനായ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചതിന് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആളെ ഏരൂർ പോലീസ് പിടികൂടി. ആലഞ്ചേരി പുളിഞ്ചിമുക്ക് ബിജിൻ ഭവനിൽ ബിബിൻ വിജയ് യെയാണ് (20) ഏരൂർ എസ് ഐ ശരലാലും സംഘവും കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ ആലഞ്ചേരി പുളിഞ്ചിമുക്ക് പ്രജീഷ് ഭവനിൽ രതീഷ് (38) പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതി മദ്യ ലഹരിയിൽ റോഡിൽ നിന്ന് അസഭ്യം വിളിക്കുന്നത് രതീഷ് വീടിന് വെളിയിൽ വന്നു നോക്കിയതിൽ പ്രകോപിത നായാണ് ഇയാൾ രതീഷിനെ വീട്ടിൽ കയറി ആക്രമിച്ചത്.

പിടിയിലായ ബിബിൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും മയക്കുമരുന്ന് കേസിലും അടിപിടി കേസിലും പ്രതിയാണ്. സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, സുബിൻ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണത്തിൽ സംഭവം നടന്നത് അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണെന്ന് കണ്ടതിനാൽ പ്രതിയെ ഏരൂർ പോലീസ് അഞ്ചൽ പോലീസിന് കൈമാറി.