ശാസ്താംകോട്ട : കേരള ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ അഭിരാമി
നാടിന്റെ നൊമ്പരമായി.ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ അജി മന്ദിരത്തിൽ അജിയുടെയും ശാലിനിയുടെയും ഏക മകൾ അഭിരാമി(19) ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെയാണ് ജീവനൊടുക്കിയത്.ഈ സമയം മാതാപിതാക്കൾ ബാങ്ക് അധികൃതരുമായി സംസാരിക്കാൻ പതാരത്ത് പോയിരുന്നു.മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയവർ ഉടൻ തന്നെ അഭിരാമിയെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബുധൻ പകൽ 2.30 ഓടെ വീട്ടിലേക്ക് കൊണ്ടു വരവേ മൃതദേഹം വഹിച്ചെത്തിയ വാഹനം പതാരം ടൗണിലെ കേരള ബാങ്കിന്റെ ശാഖയ്ക്ക് സമീപം അല്പനേരം നിർത്തിയിട്ട് പ്രതിഷേധിച്ചു.പിന്നീട് വീട്ടിലെത്തിച്ച മൃതദേഹം മുറ്റത്ത് ഒരുക്കിയ പന്തലിൽ പൊതുദർശനത്തിനു വച്ചു.ആയിരക്കണക്കിനാളുകളാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. മന്ത്രി കെഎന്‍ ബാലഗോപാല്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

അഭിരാമി ഡിഗ്രിക്ക് പഠിക്കുന്ന ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ സഹപാഠികൾ നിറമിഴികളോടെയാണ് പ്രിയ കൂട്ടുകാരിക്ക് അന്ത്യാജ്ഞി അർപ്പിച്ചത്.പഠനത്തിൽ മിടുക്കിയും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവളുമായിരുന്നു അഭിരാമി.ഇതിനാൽ തന്നെ ഇനിയൊരിക്കലും മടങ്ങിവരാത്ത
ലോകത്തേക്ക് യാത്രയായ തങ്ങളുടെ കുട്ടിയെ അവസാനമായി ഒരു നോക്ക് കാണാന്‍ നാടൊന്നാകെ ഒഴുകിയെത്തിയിരുന്നു.

മാതാവ് ശാലിനിയെയും പിതാവ് അജിയെയും മുത്തശ്ശി ശാന്തമ്മയെയും ആശ്വസിപ്പിക്കാനും മൃതദേഹത്തിൽ നിന്ന് മാറ്റാനും ബന്ധുക്കളും നാട്ടുകാരും ഏറെ പണിപ്പെട്ടു.കിടപ്പു രോഗിയായ മുത്തച്ചനെ എടുത്തു കൊണ്ടുവന്നാണ് ചെറുമകളുടെ മൃതദേഹം കാട്ടിയത്.തുടർന്ന് 3.30 കഴിഞ്ഞ് വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിൽ മൃതദേഹത്തിന് തീ കൊളുത്തി.


വീട് വയ്ക്കുന്നതിനു വേണ്ടി കേരള ബാങ്കിന്റെ പതാരം ശാഖയിൽ നിന്നും അജി എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയിരുന്നു.കുവൈറ്റിൽ ജോലി ചെയ്തു വന്ന അജി കോവിഡിനെ തുടർന്ന് നാട്ടിൽ മടങ്ങിയെത്തിയതിനെ തുടർന്നാണ് വായ്പാ തിരിച്ചടവ് മുടങ്ങിയത്.ഇതിനിടയിൽ പിതാവ് രോഗബാധിതനായി കിടപ്പിലായതും അജിയെ സാമ്പത്തികമായി തളർത്തിയിരുന്നു.

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് അധികൃതർ പോലീസിനെയും കൂട്ടിയെത്തി കഴിഞ്ഞ ദിവസം രാവിലെ അഭിരാമിയുടെ വീടിനു മുൻപിലെ മരത്തിൽ ജപ്തി ബോർഡ് സ്ഥാപിച്ചിരുന്നു.കിടപ്പുരോഗിയായ മുത്തച്ചനും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ഇവരെ
കൊണ്ട് നോട്ടീസിൽ ഒപ്പ് ഇടീക്കുകയും
മകൻ എത്തുമ്പോൾ ബാങ്കിൽ എത്തണമെന്ന് ഭീഷണിസ്വരത്തിൽ അറിയിക്കുകയും ചെയ്തു. അടുത്ത ബന്ധുവിന്‍റെ മരണത്തില്‍ മാനസികമായി തകര്‍ന്ന നിലയിലായിരുന്ന അഭിരാമിക്ക് സ്വന്തം വീട് ജപ്തിചെയ്യുമെന്ന ഭീഷണികൂടി താങ്ങാനായില്ല.

മാതാപിതാക്കളും അഭിരാമിയും ചെങ്ങന്നൂരിൽ അടുത്ത ബന്ധുവിന്റെ മരണത്തിൽ പങ്കെടുക്കാൻ പോയിരിക്കുമ്പോഴായിരുന്നു ബാങ്കിന്‍റെ നടപടി.മരണ വീട്ടില്‍വച്ച് വച്ച് വിവരം അറിഞ്ഞിരുന്നു.വൈകിട്ടോടെ മടങ്ങിയെത്തിയപ്പോൾ ബോർഡ് മാറ്റണമെന്നും നാണക്കേടാണെന്നും അഭിരാമി പിതാവിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ബോർഡ് മാറ്റിയാൽ ബാങ്ക് അധികൃതർ അതിന്റെ പേരിൽ വീണ്ടും നടപടിയെടുക്കുമെന്ന് പറഞ്ഞ് അജിയും ശാലിനിയും കൂടി പതാരത്ത് ബാങ്ക് ശാഖയിലേക്ക് പോകുകയും ചെയ്തു.ഇതിനിടയിലാണ് അഭിരാമി ജീവനൊടുക്കിയത്.