ഓടയില്‍ കുടുങ്ങിയ പോത്തിന് രക്ഷകരായി അഗ്‌നിരക്ഷാസേന

ശാസ്താംകോട്ട: കാരാളിമുക്ക്, പട്ടകടവ്, കായല്‍വാരത്തിന് സമീപം പുല്ല് മേഞ്ഞു നടക്കുന്നതിനിടെ പോത്ത് സമീപത്തുള്ള അഞ്ചടി താഴ്ചയിലുള്ള സ്ലാബ് ഇല്ലാത്ത ഓടയില്‍ വീണ് കുടുങ്ങിപോയി. തേവലക്കര, കടവില്‍ വീട്ടില്‍,സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകിട്ട്ആറുമണിക്ക് ആയിരുന്നു സംഭവം. നാട്ടുകാര്‍ കയര്‍ ഉപയോഗിച്ച് പോത്തിനെ കരയ്ക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.
തുടര്‍ന്ന് നാട്ടുകാര്‍ ശാസ്താംകോട്ട ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഗ്രേഡ് എഎസ്ടിഒ സജീവിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം എത്തി അരമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ പോത്തിനെ കരയ്ക്ക് എത്തിച്ചു. ഓടയ്ക്ക് സ്ലാബ് ഇല്ലാത്തതിനാല്‍ ഈ സ്ഥലം അപകട സാധ്യത കൂടിയ മേഖല കൂടിയാണ്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അഭിലാഷ്, മനോജ്, രാജേഷ്, ഷാനവാസ്, സുന്ദരന്‍, ബിജു തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Advertisement