ശാസ്താംകോട്ട : ലോക്ക്ഡൗൺ കാലത്തെ വിരസതയകറ്റാനും നിലച്ചുപോയ ആയൂർവേദ മരുന്ന് കച്ചവടത്തിന് ഒരു മറുമരുന്നായും കരകൗശലവിദ്യയുടെ ലോകത്തേക്ക് നടന്നുകയറിയ അബ്ദുൽ കബീർ (41) വിസ്മയമാകുന്നു.അധ്യാപികയായ ഭാര്യയുടെ ജോലിയുമായി ബന്ധപ്പെട്ട് മലപ്പുറത്തെ മക്കരപ്പറമ്പിൽ നിന്ന് പോരുവഴിയിൽ എത്തിയതാണ്
ഈ യുവാവ്.മഞ്ചേരിയിലെ നാഷണൽ സ്കൂൾ ഓഫ് ഫൈനാർട്സിൽ നിന്ന് 20 വർഷം മുമ്പ് അഭ്യസിച്ച ചിത്രകലയും കരകൗശലവിദ്യയും ഈ കലാകാരന് കൈത്താങ്ങായി മാറിയിരിക്കയാണ്.ആയൂർവേദ ഔഷധങ്ങളുടെ വിപണനം നടത്തി വരവെയാണ് നാടാകെ കോവിഡിൻ്റെ പിടിയിൽ അമർന്നത്.അതോടെ നാട്ടിടങ്ങൾ കേന്ദ്രീകരിച്ച് നടന്നിരുന്ന കച്ചവടം നിർത്തിവെക്കേണ്ടി വന്നു. ചിത്രരചനയിലൂടെ പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.മലപ്പുറത്ത് താമസിക്കുന്ന അനുജൻ അബ്ദുൽ ലത്തീഫ് സ്വന്തം അനുഭവത്തെ മുൻനിർത്തി ചിരട്ട ശിൽപ നിർമാണം തുടങ്ങാൻ പ്രേരിപ്പിച്ചു.തുടർന്ന് ചിരട്ട കൊണ്ടുള്ള ശിൽപ നിർമ്മിതിയിലേക്ക് തിരിയുകയായിരുന്നു.ചക്കുവള്ളി കൊച്ചുതെരുവ് ജംഗ്ഷന് സമീപത്തെ വാടക വീട്ടിലെ ഇത്തിരിപ്പോന്ന മുറിയിൽ നിന്നും ഇതിനകം പിറവിയെടുത്തത് ആയിരക്കണക്കിന് ശിൽപ്പങ്ങൾ.അവയിൽ

ഒട്ടുമുക്കാലും ആവശ്യക്കാർ അറിഞ്ഞു കേട്ടെത്തി വാങ്ങിക്കൊണ്ടു പോകുന്നു.ജീവിക്കാനുള്ള വരുമാനവും ഇതിലൂടെ ലഭിക്കുന്നതായി അബ്ദുൽ കബീർ പറയുന്നു.നമുക്കിടയിൽ നിന്ന് അന്യം നിന്നുപോയ ചിരട്ടത്തവിയും പുട്ട് ചിരട്ടയും ചിരട്ടക്കോപ്പയും വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാനുള്ള ആശയവും അബ്ദുൽ കബീറിന്റെ മനസിലുണ്ട്.പോരുവഴി ചക്കുവള്ളി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അറബിക് അധ്യാപികയായ ഭാര്യ ഹഫ്സത്തിന്റെയും മക്കളായ ഹിബാ യാസ്മിൻ ഹനാൻ ഹാനിയ മറിയം എന്നിവരുടെ പിന്തുണയും അബ്ദുൽ കബീറിന് കരുത്തു പകരുന്നു.