ശാസ്താംകോട്ട : മകളുടെ വിവാഹത്തിനായി സ്വരൂപിച്ച പണം അക്കൗണ്ട് നമ്പർ തെറ്റി അയച്ചപ്പോൾ
ഒരു രൂപപോലും കുറയാതെ അത് തിരികെ ലഭിക്കുമെന്ന് ആ പിതാവ് സ്വപ്നത്തിൽ പോലും കരുതിയില്ല.പക്ഷേ നെഞ്ചുരുകിയുള്ള അദ്ദേഹത്തിന്റെ പ്രാർത്ഥനയിൽ നഷ്ടപ്പെട്ടെന്ന് കരുതിയ പണം ഷിഹാബുദ്ദീൻ മധുരിമ എന്ന
ദൈവദൂതനിലൂടെ തിരികെ ലഭിക്കുകയായിരുന്നു.സൗദി അറേബ്യയിൽ ജോലി ചെയ്തു വരുന്ന
ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി അബ്ദുൽസമദാണ് മകളുടെ വിവാഹത്തിന് വേണ്ടി 2,10,000 രൂപ അയച്ചത്.

എന്നാൽ അക്കൗണ്ട് നമ്പർ തെറ്റി ജീവകാരുണ്യ പ്രവർത്തകൻ ശാസ്താംകോട്ട കാരാളിമുക്ക് സ്വദേശി ഷിഹാബുദ്ദീൻ മധുരിമയുടെ ഫെഡറൽ ബാങ്ക് പടിഞ്ഞാറേ കല്ലട ശാഖയിലാണ് പണമെത്തിയത്.പണം അയച്ച ആളെ അറിയാത്തതും ലഭിച്ച പണം ഇന്ത്യയിൽ നിന്നും സൗദി അറേബ്യയിലേക്ക് തിരികെ അയക്കാനും കഴിയാതെയായി.തുടർന്ന് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പൊതുസമൂഹത്തെ അദ്ദേഹം അറിയിക്കുകയായിരുന്നു.

തുടർന്ന് പണം അയച്ച സ്ലിപ്പ് ഉൾപ്പെടെ വ്യക്തമായ തെളിവോടുകൂടി അബ്ദുൽ സമദിന്റെ മകൻ കരുനാഗപ്പള്ളി ക്ലാപ്പനയിൽ താമസിക്കുന്ന മുഹമ്മദ് ഷാഫി എത്തുകയായിരുന്നു. ശാസ്താംകോട്ട സി.ഐ അനൂപിന്റെ സാന്നിധ്യത്തിൽ രണ്ട് ലക്ഷത്തി പതിനായിരം രൂപ മുഹമ്മദ് ഷാഫിക്ക് കൈമാറുകയും ചെയ്തു.