ശൂരനാട്. ചക്കുവള്ളി പുതിയ കാവ് റോഡില്‍ വാഹനത്തിന് സൈഡ് കൊടുത്ത കാര്‍ മൂടിയില്ലാത്ത ഓടയില്‍ വീണു.യാത്രക്കാര്‍ നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

കോയിക്കചന്തക്ക് പടിഞ്ഞാറുവശം കുറ്റിയില്‍ പള്ളിക്ക് സമീപം ആണ് അപകടം. റോഡിന്റെ ഇരുവശവും ഓടയാണ്. സ്‌ളാബ് മൂടിയിട്ടില്ല. പുല്ലുവളര്‍ന്നു നില്‍ക്കുന്നതിനാല്‍ അപകടമറിയാതെയാണ് വാഹനം തിരിച്ചത്.

ഇവിടെ പതിവായി വാഹനങ്ങള്‍ അപകടപ്പെടുന്നുണ്ട്. റോഡിന്റെ ടാര്‍ എന്‍ഡില്‍ നിന്നും വാഹനം വഴുതിയാല്‍ അപകടം ഉറപ്പാണ്. നേരത്തേ ഇവിടെ അപകടത്തില്‍ യുവാവ് മരിച്ചതാണ്. രാത്രി കാലത്ത് അപകടം ഏറെയാണ്. റോഡിന് വശത്തു കൂടി നടക്കാനാവാത്തതിനാല്‍ റോഡില്‍ കയറി നടക്കുന്ന കാല്‍നടയാത്രക്കാരും അപകടത്തില്‍പെടാനിടയുണ്ട്. അടുത്തകാലത്ത് പുനര്‍നിര്‍മ്മാണം നടന്ന റോഡില്‍ വീതിയില്ലാതെ നിര്‍മ്മിച്ച സ്ഥലങ്ങളുണ്ട്. കൈയേറ്റം നടന്ന സ്ഥലം അതുപടി വിട്ടുകൊടുത്താണ് നിര്‍മ്മാണം നടന്നത്. സര്‍വേ നടന്നില്ലെന്നും ശാസ്ത്രീയമായ നിര്‍മ്മാണ രീതി അവലംബിച്ചില്ലെന്നും ആക്ഷേപമുണ്ട്. ദേശീയ പാത 66ല്‍ നിന്നും എംസി റോഡിലേക്കും അവിടെനിന്നും പത്തനാപുരം വഴി കേരളാ അതിര്‍ത്തിയിലേക്കും നീളുന്ന റോഡിന്‍റെ ഭാഗമാണിത്.