ശാസ്താംകോട്ട. കണക്കുപറയുമ്പോള്‍ 27 ഡോക്ടര്‍മാരുടെ സേവനമുള്ള താലൂക്ക് ആശുപത്രിയില്‍ രാത്രി ഡ്യൂട്ടി ഒരേ ഒരാള്‍. രാത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് വേണ്ടത്ര ശ്രദ്ധ കൊടുക്കാനാവാത്തതും ഡ്യൂട്ടിയുള്ള ഡോക്ടര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കുന്നതുമാണിവിടത്തെ രാത്രിക്കാഴ്ച.

രസകരമാണ് താലൂക്ക് ആശുപത്രിയിലെ കാര്യം രാത്രി എട്ടുമണിക്കും മറ്റും ക്യൂ നില്‍ക്കുകയാണ് കാഷ്വാലിറ്റി ഡോക്ടറെക്കാണാന്‍ രോഗികള്‍. അപകടം പറ്റിയും മുറിവേറ്റും മറ്റുമെത്തുന്നവരെ നോക്കാന്‍ ഈ ഡോക്ടര്‍ പോകുന്നതോടെ രോഗികള്‍ കാത്തുകെട്ടിക്കിടക്കണം. ബഹളം ആകും. അല്‍പം ശ്രദ്ധിച്ചു ചെയ്താല്‍ ഇവിടെ പരിഹരിക്കാവുന്ന കേസ് മെഡിക്കല്‍കോളജിലേക്ക് റഫര്‍ ചെയ്തുവിടേണ്ടിവരുന്നുവെന്ന ആക്ഷേപവുമുണ്ടാകുന്നുണ്ട്.


ഒപിയില്‍ പകല്‍ വരേണ്ടവര്‍ രാത്രി കാഷ്വാലിറ്റിയില്‍ എത്തുന്നതാണ് പ്രശ്‌നകാരണമെന്ന അഭിപ്രായമുണ്ട്. ജോലിയൊക്കെതീര്‍ത്ത് രാത്രി മരുന്നുവാങ്ങാന്‍ ഇറങ്ങുന്നവരാണ് പലരും. പാലുകാച്ചുന്ന വീട്ടിലെ രാത്രി തിരക്കുപോലെ ഏഴരക്കും എട്ടരക്കും ഇടയ്ക്ക് രോഗികളുടെ ഒരിടിച്ചു കയറ്റമാണത്രേ. ഇതോടെ സാധാരണ നില താളം തെറ്റും. ഡ്യൂട്ടിയിലുള്ള ഏക ഡോക്ടര്‍ സ്റ്റിച്ച് ഇടാന്‍ പോയാല്‍ അരമണിക്കൂറെടുക്കും അതോടെ പനിക്കാര്‍ ഒച്ചപ്പാടാവും.
ബ്‌ളോക്കില്‍ നിന്നും ഒരു ഡോക്ടറെ നിയോഗിച്ചിട്ടുണ്ടെന്നും ഇത് തിരക്ക് പരിഗണിച്ചാണെന്നും പറയുന്നു. പക്ഷേ പലപ്പോഴും ഒറ്റ ഡോക്ടറുടെ സേവനമാണിവിടെ ലഭിക്കുന്നത്.കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്‍റെ സ്റ്റാഫ് പാറ്റേണ്‍ ആണിവിടെയുള്ളതെന്നതിനാല്‍ ഇതിലേറെ പ്രതീക്ഷിക്കാനാവില്ല.