വിവാഹധൂർത്തിനെതിരെ ഒരു തേവലക്കര മാതൃക

കരുനാഗപ്പള്ളിരേഖകൾ 14
……………………………..
ഡോ. സുരേഷ്മാധവ്
………………………………..
വേദഗുരു സദാനന്ദസ്വാമികളും “നായർബിഷപ്പ് “സി. കൃഷ്ണപിള്ളയും” കേരളഭട്ടബാണൻ”സി. വി രാമൻപിള്ളയുമൊക്കെ വിവാഹധൂർത്തിനെതിരെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കാലം. തറവാടുകളിൽ താലികെട്ടുകല്യാണങ്ങൾ ആളും അർത്ഥവും കണ്ടമാനം ചെലവാക്കി പ്രൌഡി പൊലിപ്പിക്കുന്ന കാലം. മന്നത്ത് പദ്മനാഭൻ സമുദായത്തിന്റെ ജീർണതകളിൽ മനസ്സു വിഷമിച്ച് സംഘടനാസംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നതേയുള്ളു. നായർസമുദായനേതാക്കൾ എത്ര പറഞ്ഞിട്ടും ആർഭാടം അണുവിട കുറയ്ക്കാൻ തറവാടികൾ തയ്യാറായിരുന്നില്ല. ഇലയിൽ നിറയുന്ന കറികളുടെ എണ്ണവും നാലുതരം പായസത്തിന്റെ വൈവിദ്ധ്യവും തറവാടിന്റെ അഭിമാനസ്തംഭങ്ങൾ ആണെന്ന് കരുതി കാരണവന്മാർ വസ്തു വിറ്റും വീട്ടുമുറ്റത്ത് ഊണുപന്തൽ വലുതാക്കിയിരുന്നു.മന്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ,നാലുകെട്ടും കേസുകെട്ടും കുതിരകെട്ടും കേസുകെട്ടും നായർ തറവാടുകളെ നശിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് തേവലക്കരയിൽ ഒരു ഉത്തമമാതൃക അരങ്ങേറിയത്.

കൊല്ലവർഷം 1085(AD1910)ലാണ് തേവലക്കര കൃഷ്ണകുറുപ്പ് ധീരമായ ഒരു നിലപാടെടുത്തു.ബന്ധുക്കളുടെ എതിർപ്പ് വകവെക്കാതെ, പുത്രിമാരുടെയും അനന്തരവരുടെയും വിവാഹം അനാർഭാടമായി നടത്തി. അന്നത്തെകാലത്ത് ഒരു മഹാസംഭവമായിരുന്നു അത്. അദ്ദേഹത്തിന്റെ മാതൃകാപരമായ സമുദായപരിഷ്കരണ നിലപാടിനെ പ്രശംസിച്ചുകൊണ്ട് പി. രാമൻ തമ്പി, സി. വി രാമൻ പിള്ള, ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള, കെ. സി കേശവപിള്ള തുടങ്ങിയവർ അനുമോദനക്കത്തുകൾ അയച്ചു.


“താലികെട്ടുന്നൊരു
കാന്തനഞ്ചാംദിനം
കൂലിവാങ്ങിക്കൊണ്ടു –
പേക്ഷിച്ചുപോകുന്നു “എന്നുള്ള പരിഹാസകവനം കൂടി കെ. സി യുടെ അനുമോദനക്കത്തിലുണ്ടായിരുന്നു. കെട്ടുകല്യാണം കൊണ്ട് ഒരു സമുദായം നശിക്കുന്നതെങ്ങനെയെന്നു ആ വരികളിലുണ്ടായിരുന്നു. ഏവൂർ വേലുപിള്ള, താഴത്തോട്ടത്ത് നീലകണ്ഠപിള്ള, കെ. കൃഷ്ണൻ പണ്ടാല മുതലായ പ്രമുഖരും തേവലക്കര കൃഷ്ണകുറുപ്പിനെ അഭിനന്ദിക്കുകയുണ്ടായി.”കുറച്ചു പഴയകാര്യങ്ങൾ “എന്ന തലക്കെട്ടിൽ കെ. എൻ ഗോപാലപിള്ള എൻ എസ് എസ് സിൽവർ ജൂബിലി സ്മരണിക(1954)യിൽ എഴുതിയ ലേഖനത്തിലാണ് ഈ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്

Advertisement