കരുനാഗപ്പള്ളിയിലെ തങ്ങൾപള്ളി

കരുനാഗപ്പള്ളിരേഖകൾ -13


ഡോ. സുരേഷ് മാധവ്

പൗരോഹിത്യസംസ്കാരത്തിന്റെ സമ്മർദ്ദത്തിൽ വടക്കുനിന്ന് കേരളത്തിന്റെ തെക്കേയറ്റത്തേയ്ക്ക് പലായനം ചെയ്ത ബൌദ്ധൻമാർ ചേർത്തല മുതൽ കന്നേറ്റി വരെയുള്ള ദേശത്ത് കൂട്ടമായി താമസമുറപ്പിച്ചിരുന്നു. അവിടെ ബുദ്ധവിഗ്രഹങ്ങൾ ധാരാളം ഉണ്ടായി. അവിടം ശ്രീമൂലവാസമായി ചരിത്രരേഖകളിൽ സ്ഥാനപ്പെട്ടു. ബുദ്ധമതത്തിൽ നിന്നുവന്ന “പള്ളി “എന്ന പദം ഈ പ്രദേശത്ത് വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പ്ലാന്നുപള്ളി, കോട്ടമ്പള്ളി, കൊറ്റംപള്ളി, കുമ്മംപള്ളി, കണ്ണാപ്പള്ളി തുടങ്ങിയ നിരവധി വീടുപേരുകൾ കരുനാഗപ്പള്ളിയിലുണ്ട്. ശൈവമതത്തിന്റെ വേലിയേറ്റത്തിൽ അടി തെറ്റി കടലിലും കുളത്തിലും മണ്ണിനും അടിയിൽ പോയ ബുദ്ധവിഗ്രഹങ്ങൾ ഇപ്പോഴും കരുനാഗപ്പള്ളിയിൽ നിന്നു കണ്ടെടുക്കുന്നുണ്ട്. പിൽക്കാലത്ത് ക്രൈസ്തവ -ഇസ്ലാം മതസ്ഥരുടെ ആരാധനാലയങ്ങൾ “പള്ളി “എന്ന പേരിൽ അറിയപ്പെട്ടു.


കൊല്ലവർഷം 903-ലെ (AD1818)തിരുവിതാംകൂർ നീട്ടുത്തരവുകളിൽ ക്ലാപ്പന ജോനകപ്പള്ളി, കരുനാഗപ്പള്ളിൽ തങ്ങൾപള്ളി കുലശേഖരപുരം തങ്ങൾ വക പറമ്പ് എന്നീ ആരാധനാലയങ്ങളെക്കുറിച്ച് പരാമർശമുണ്ട്. കരുനാഗപ്പള്ളിൽ ജോനകപ്പള്ളി വക നിലത്തിനുള്ള കരം കൊല്ലവർഷം 984മുതൽ (AD1809)പള്ളിയിൽ വിളക്കുവെയ്പ്പിന് വേണ്ടി 988(AD1813)വരെ ഒഴിവാക്കിയിരുന്നുവെന്നും പിന്നീട് കരം ചുമത്തിയെന്നും ഇളവിനു വേണ്ടി പള്ളിക്കാർ സങ്കടം ബോധിപ്പിച്ചുവെന്നും നീട്ടുത്തരവിൽ (1818)കാണുന്നു. ക്ലാപ്പന ജോനകപ്പള്ളി വക പറമ്പിനുള്ള കരം 1806 മുതൽ പള്ളിച്ചെലവായി എഴുതിവരുകയും കരുനാഗപ്പള്ളി തങ്ങൾപള്ളി നിൽക്കുന്ന പുരയിടത്തിനും കുലശേഖരപുരത്തുള്ള പുരയിടത്തിനും ഉള്ള കരം കുറവ് എഴുതി വരുന്നതു സംബന്ധിച്ച കാര്യങ്ങളും നീട്ടുത്തരവിലുണ്ട്.

കരുനാഗപ്പള്ളി തങ്ങൾപള്ളി കുലശേഖരപുരം ജോനകപ്പള്ളി, ക്ലാപ്പന ജോനകപ്പള്ളി എന്നീ മൂന്നു വക പള്ളിക്കാരർക്കുള്ള രക്ഷാഭോഗം പണം പത്തൊൻപതര 1815(AD)വരെയും ആലപ്പാട്ടു മാർത്താണ്ഡപിള്ളയുടെ പേരിൽ തിരുവല്ലാദേവസ്വം വകയിൽ നിന്ന് മുതൽക്കൂട്ടി കൊടുത്തിരുന്നതായി രേഖയിൽ കാണുന്നു. മാർത്താണ്ഡവർമയുടെ (1705-1758)കാലത്താവാം കരുനാഗപ്പള്ളിയിലെ തങ്ങൾപള്ളി ഉണ്ടായത്. കൊല്ലം -കല്ലട -ചവറ -ചെമ്പകശ്ശേരി യുദ്ധങ്ങൾക്കായി മധുര-തിരുനെൽവേലി യിൽ നിന്നും മാർത്താണ്ഡവർമ ഇറക്കിയ മുസ്ലിം യോദ്ധാക്കളിൽ പലരും പിന്നീട് കരുനാഗപ്പള്ളി താവളം നൽകിയിരുന്നു. ഡച്ച് കച്ചവടക്കാരുമായി മാർത്താണ്ഡവർമ നടത്തിയ ഉടമ്പടികാലത്തും കരുനാഗപ്പള്ളിയിൽ മുസ്ലീം വ്യാപാരികളുടെ സാനിധ്യമുണ്ട്. യോദ്ധാക്കൾക്കൊപ്പം എത്തിചേർന്ന സൂഫിയാകാം “തങ്ങൾ “എന്നു വിളിക്കപ്പെട്ടത്. മുസ്ലീംസിദ്ധന്മാരുടെ ഖബറിടങ്ങളോട് ചേർന്ന് പിൽക്കാലത്തു അനവധി പള്ളികൾ സ്ഥാപിത മായിട്ടുണ്ട്.

Advertisement