പത്തനാപുരം: പത്തനാപുരം തലവൂരില്‍ കോണ്‍ക്രീറ്റുമായി വന്ന റെഡിമിക്‌സ് വാഹനം മറിഞ്ഞ് വീട് തകര്‍ന്നു. മൈലം-കുരാ പാതയില്‍ വായനശാല അങ്കണവാടിക്ക് സമീപമുള്ള അഖില്‍ ഭവനില്‍ രാമചന്ദ്രന്‍ പിള്ളയുടെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്ന നിലയിലാണ്.
വീടിന്റെ ഹാള്‍ ഭാഗമാണ് തകര്‍ന്ന് തരിപ്പണമായത്. ഈ സമയം വീട്ടിലുണ്ടായിരുന്ന രാമചന്ദ്രന്‍ പിള്ളയുടെ ഭാര്യ ഗിരിജ പൂജാമുറിയിലേക്ക് ഓടി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. അടൂരില്‍ നിന്നും കുന്നിക്കോട് ഭാഗത്തേക്ക് കോണ്‍ക്രീറ്റുമായി പോയ അഞ്ചല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പ്പെട്ട വാഹനം.
കയറ്റം കയറുന്നതിനിടെ ഒരു വശത്തേക്ക് മറിയുകയായിരുന്നു. ടയര്‍ ഉപയോഗിക്കാന്‍ കഴിയാത്ത വിധം മോശമായിരുന്നു വെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുന്നിക്കോട് പോലീസും പത്തനാപുരം ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. വീടിന്റെ പല ഭാഗത്തും ബലക്ഷയം സംഭവിച്ചിട്ടുണ്ട്.