കൊട്ടാരക്കര: ഓടനാവട്ടം പരുത്തിയറയില്‍ വീട്ടില്‍ നടന്ന മോഷണത്തില്‍ 47000 രൂപയും 10 പവന്‍ സ്വര്‍ണവും അപഹരിച്ചു. ഓടനാവട്ടം, പരുത്തിയറ, സ്വദേശി പൗലോസിന്റെ ജെ.കെ.സി വില്ലയിലാണ് മോഷണം നടന്നത്. സുഹൃത്തിനെ എയര്‍ പോര്‍ട്ടില്‍ കൊണ്ടുവിടുന്നതിനായി വ്യാഴാഴ്ച വെളുപ്പിന് 1.30ന് പൗലോസ് വീടിന്റെ മുന്‍വാതിലും പിന്‍വാതിലും പൂട്ടിയിട്ടാണ് പോയത്. ഇയാള്‍ വെളുപ്പിന് 6 മണിയോടെ തിരികെ എത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്ന നിലയിലായിരുന്നു.
ഉടന്‍തന്നെ പൗലോസ് സമീപത്തെ ബന്ധുവിനെ വിളിച്ചുവരുത്തി. ശേഷം പൂയപ്പള്ളി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മുറിക്കുള്ളില്‍ കടന്ന മോഷ്ടാവ് അലമാരയില്‍ നിന്ന് സ്വര്‍ണവും അതിനുള്ളിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന പണവും അപഹരിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വിദേശത്തായി രണ്ട് മക്കള്‍ ജോലി ചെയ്യുന്നതിനാല്‍ പൗലോസ് ഒറ്റയ്ക്കാണ് വീട്ടില്‍ കഴിയുന്നത്. പോലീസ് സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മോഷ്ടാക്കള്‍ എത്തിയതായി സംശയിക്കുന്ന കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലത്ത് നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൂയപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.