ചവറയിലെ ശിവയോഗിസംഘം

Advertisement

കരുനാഗപ്പള്ളിരേഖകൾ 12

ഡോ. സുരേഷ്മാധവ്
……………………………
വിഗ്രഹാരാധനയെ വിമർശിച്ചുകൊണ്ട്”ആനന്ദമതം “സ്ഥാപിച്ച ബ്രഹ്മാനന്ദശിവയോഗി(1852-1929)യുടെ ശിഷ്യൻമാർ കരുനാഗപ്പള്ളി -ചവറഭാഗങ്ങളിൽ സജീവമായിരുന്നു. ശ്രീനാരായണഗുരു നടത്തിയ വിഗ്രഹപ്രതിഷ്ഠകളെ നഖശിഖാന്തം എതിർത്തുകൊണ്ടാണ് ശിവയോഗിയുടെ “മോക്ഷ പ്രദീപം”(1905)അടക്കമുള്ള രചനകളിൽ പലതും പുറത്തുവന്നത്.മനസ്സിന്റെ ശക്തിയാണ് പ്രധാനം എന്നുപറഞ്ഞു ശക്തിവാദം അവതരിപ്പിച്ച ശിവയോഗിയുടെ നിലപാടുകൾആധുനികരിൽ ചിലരെ ആകർഷിച്ചിരുന്നു വിഗ്രഹാരാധനയെ ശാസ്ത്രീയമായി അംഗീകരിച്ചുകൊണ്ട്,1915ൽ ചട്ടമ്പിസ്വാമികൾ “മോക്ഷപ്രദീപഖണ്ഡന”വും സദാനന്ദസ്വാമികൾ “വിഗ്രഹാരാധന”യും എഴുതി.1910കളിൽ ചവറയിൽ ശിവയോഗിസംഘം രൂപം കൊണ്ടിരുന്നു.പിൽക്കാലത്ത് ആഗമാനന്ദസ്വാമികൾ(1896-1961) ആയി പ്രസിദ്ധി നേടിയ പന്മന പുതുമനമഠത്തിൽ കൃഷ്ണൻ നമ്പ്യാതിരിയെ ഈ ശിവയോഗിസംഘം, ചെറുപ്പത്തിൽ സ്വാധീനിച്ചിരുന്നു.

ആലത്തൂർ ബ്രഹ്മാനന്ദശിവയോഗിയുടെ ഗ്രന്ഥങ്ങൾ വായിച്ച് ചവറയിലെ ശിവയോഗിസംഘക്കാരുമായി ബന്ധം സ്ഥാപിച്ചതോടെ ആനന്ദമതം ആഗമാനന്ദസ്വാമിയിൽ വലിയ സ്വാധീനം ചെലുത്തി. ഇതോടെ അദ്ദേഹത്തിന്റെ ഭക്തിവിശ്വാസങ്ങൾക്ക് ഇളക്കം തട്ടിയതായി, ജീവചരിത്രകുറിപ്പിൽ(വീരവാണി,1956)മൃഡാനന്ദസ്വാമി എഴുതി. എങ്കിലും വിവേകാനന്ദസ്വാമികളുടെ കൃതികൾ വായിച്ചതോടെ ആഗമാനന്ദൻ ആനന്ദമതവിചാരം ഉപേക്ഷിച്ചു.

ചവറ -പ്രാക്കുളം ഭാഗങ്ങളിലെ ശിവയോഗിശിഷ്യൻമാരും വിഗ്രഹാരാധനാവാദികളുമായി 1922ഡിസംബർ 11ന് പ്രാക്കുളം എൻ എസ് എസ് ഇംഗ്ലീഷ്സ്കൂളിൽ വെച്ച് ഒരു സംവാദം സംഘടിപ്പിച്ചു. വടക്കേമലബാറിലെ പ്രമുഖചിന്തകനും ശിവയോഗിശിഷ്യനുമായ വാഗ്ഭടാനന്ദഗുരു (1885-1939), സ്വാമി ബ്രഹ്മവൃതൻ എന്നിവരായിരുന്നു വിഗ്രഹാരാധനയ്ക്കെതിരെ വാദിക്കാൻ എത്തിയവർ.കരുവാ കൃഷ്ണനാശാൻ, പന്നിശ്ശേരി നാണുപിള്ള ഒ. എൻ കൃഷ്ണക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിഗ്രഹാരാധനാവാദികളും അണിനിരന്നു.

സംവാദം പൂർത്തിയായില്ലെങ്കിലും വാഗ്ഭടാനന്ദന്റെ വാ അടച്ചതായി പ്രചരിപ്പിക്കുന്ന ലഘുകൃതികൾ പുറത്തുവന്നു. ചവറയിൽ വെച്ച് അവയിൽ ചിലത് ശിവയോഗിശിഷ്യൻമാർ നശിപ്പിച്ചതായി കരുവാ കൃഷ്ണനാശാൻ(വാഗ്ഭട മുദ്രണം )എഴുതിയിട്ടുണ്ട്. ചവറയിലെ ശിവയോഗിമതക്കാരെക്കുറിച്ച് നീലകണ്ഠതീർത്ഥപാദ ചരിത്രസമുച്ചയ(1920)ത്തിലും സൂചനയുണ്ട്. പിൽക്കാലത്ത് സോഷ്യലിറ്റ് വിപ്ലവത്തിന്‍റെ ചൂടും ചൂരും ഏറ്റ ചവറയുടെ മണ്ണിൽ ഇത്തരം ചില യുക്തിധാരകൾ കൂടി മറഞ്ഞുകിടപ്പുണ്ട്

Advertisement