ചിതറ: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ചക്കമല ആയിരവില്ലി ക്ഷേത്രത്തിന് താഴെ മേലേമൂന്നുമുക്കില്‍ ആയിരിവില്ലി ഭവനില്‍ ടാപ്പിംഗ് തൊഴിലാളി ബാബുവിന്റെ ഭാര്യ സിന്ധുമോള്‍ക്ക് (47) ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം രാവിലെ പത്തു മണിക്ക് പട്ടി കുരയ്ക്കുന്നത് കേട്ട് പുറത്തിറങ്ങി നോക്കിയ വീട്ടമ്മയെ പന്നി ആക്രമിക്കുകയായിരുന്നു.
വയറിലും നെഞ്ചിലും ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റ വീട്ടമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ചിതറ പഞ്ചായത്തില്‍ മുന്‍പും സമാന സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയും പന്നി ശല്യത്തിനെതിരെ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. വീട്ടിനുള്ളില്‍ പോലും പന്നി കയറി ആക്രമിക്കുന്ന സംഭവങ്ങള്‍ പോലും ഉണ്ടാകുന്നുണ്ട്. കൂടുതലും കാല്‍നടയാത്രക്കാരും ബൈക്ക് യാത്രക്കാരുമാണ് പന്നിയുടെ അക്രമണത്തിന് ഇരയാകുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകല്‍ സമയത്ത് പോലും പന്നി ശല്യം രൂക്ഷമായിരിക്കുകയാണ്. വീട്ടമ്മ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.