പുനലൂർ(കൊല്ലം). താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ രോഗിയെ മർദ്ദിച്ചതായി പരാതി. പുനലൂർ ചാലക്കോട് സ്വദേശിയായ അൻഷാദിനാണ് മർദനമേറ്റത്. മർദ്ദന ദൃശ്യങ്ങൾ പുറത്തു വന്നു.

പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാവിലെയാണ് സംഭവം ഉണ്ടായത്. ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയ പുനലൂർ ചാലക്കോട് സ്വദേശിയായ അൻഷാദ് എന്ന യുവാവിനാണ് മർദ്ദനമേറ്റത്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ ചേർന്നാണ് അൻഷാദിനെ മർദ്ദിച്ചത് എന്നാണ് പരാതി. പ്ലാസ്റ്റിക് കവറുമായി ആശുപത്രിയിൽ എത്തിയ രോഗിയെ തടഞ്ഞു എന്നും പിന്നാലെ മർദ്ദിച്ചു എന്നുമാണ് ആരോപണം.

മറ്റു രോഗികൾ ഉൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ ഉള്ളപ്പോൾ ആയിരുന്നു സംഭവം. രണ്ടു തവണ അൻഷാദിന് നേരെ മർദ്ദനമുണ്ടായതായി ദൃശ്യങ്ങളിൽ കാണാം. മാനസിക വിഭ്രാന്തിയുള്ള ആളാണ് അൻഷാദ്. ഇദ്ദേഹം ആശുപത്രിയിൽ എത്തി അസഭ്യവർഷം നടത്തിയെന്നാണ് അധികൃതരുടെ വിശദീകരണം. ഉച്ചത്തില്‍ അസഭ്യം പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം വിഷയത്തിൽ പൊലീസിൽ ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ല. സ്വകാര്യ ഏജൻസിയാണ് താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി വിഭാഗം കൈകാര്യം ചെയ്യുന്നത്. മർദ്ദനമേറ്റ അൻഷാദ് പുനലൂരിലെ മുസ്ലിം പള്ളികളിലാണ് താമസിച്ചു വരുന്നത്. സര്‍ക്കാര്‍മേഖലയിലാണെങ്കിലും സ്വകാര്യാശുപത്രിയുടെ പകിട്ടില്‍ ഏറെ സൗകര്യങ്ങളും മികച്ച പ്രവര്‍ത്തനവും കാഴ്ചവയ്ക്കുന്ന ആശുപത്രിയാണിത്.