കൊല്ലം ജില്ലയിൽ പെയ്ത്തിന് ശമനം, ഇന്ന് തെന്മല ഡാം തുറക്കുന്നതിന്‍റെ ആശങ്ക

Advertisement

കൊല്ലം. ജില്ലയിൽ പെയ്ത്തിന് ശമനം, മഴ മാറി നിൽക്കുന്ന സാഹചര്യത്തിലും ഇന്ന് തെന്മല ഡാം തുറക്കുന്നതിന്‍റെ ആശങ്ക പരക്കെയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയതോതിൽ മഴ ഇടവിട്ട് പെയ്യുന്നുണ്ട്. ജലനിരപ്പ് ക്രമീകരിക്കാനായാണ് തെന്മല ഡാം ഇന്ന് തുറക്കുന്നത്.

രാവിലെ 11 മണിയോടെ ഡാം തുറന്നു വെള്ളമൊഴുക്കി വിടും. ഡാമിൻ്റെ മൊത്തം സംഭരണശേഷിയുടെ 71 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. 110 മീറ്റർ വെള്ളമാണ് നിലവിലുള്ളത്. ഡാമിൻ്റെ 3 ഷട്ടറുകളും 10 സെൻ്റിമീറ്റർ വീതം 50 സെൻ്റിമീറ്റർ വരെ ഉയർത്തും. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവരോട് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞാൽ ഉടൻ ഡാമിൻ്റെ ഷട്ടറുകൾ അടയ്ക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കല്ലട ആറ് കടന്നുവരുന്ന മേഖലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍പ്രത്യേക ജാഗ്രതയിലാണ്.

പത്തനാപുരം പിടവൂരിൽ കല്ലടയാറിന്റെ സമീപത്ത് കാണാതായ യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.പത്തനാപുരം പിടവൂർ സ്വദേശി മഹേഷ് ജി നായരെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്ത് പിടവൂർ കുളത്തിൽ കടവിൽ നിന്ന് കാണാതായയാളുടെ വസ്ത്രവും ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്. കല്ലടയാറ്റിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിരിക്കുന്നതിനാൽ തിരച്ചിലിന് ബുദ്ധിമുട്ടുണ്ട്. ഇന്ന് 9 മണിയോടെ കല്ലടയാറ്റിൽ തിരച്ചിൽ തുടരും.

Advertisement