കൊല്ലത്തെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ട, 80 ഗ്രാം എംഡിഎംഎ എക്സ്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി

കൊല്ലം. എക്സ്സൈസ് വകുപ്പിന്റെ “ഓപ്പറേഷൻ ഫ്രണ്ട്സിന്റെ” ഭാഗമായി കൊല്ലം എക്സ്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് കുണ്ടറ പേരയത്ത് നടത്തിയ റെയ്‌ഡിൽ 80 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്. കുണ്ടറ പേരയം, കരിക്കുഴി സ്വദേശിയായ കാഞ്ഞിരം വിള കിഴക്കതിൽ അമൽ (25)ആണ് പിടിയിലായത്.

കൊല്ലം ഡെപ്യൂട്ടി എക്സ്സൈസ് കമ്മിഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സ്പെഷ്യൽ സ്‌ക്വാഡ് എക്സ്സൈസ് ഇൻസ്‌പെക്ടർ ബി. വിഷ്ണു വിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം രണ്ടാഴ്ചയായി മയക്കുമരുന്ന് വിൽപ്പന സംഘത്തിൽ അനുഭാവപൂർവ്വം നുഴഞ്ഞ് കയറി ബന്ധം സ്ഥാപിച്ച് അവരുടെ പ്രവർത്തന രീതികളെയും മേഖലകളെയും രഹസ്യമായി മനസിലാക്കിയാണ്, ജില്ലയിലെ പ്രധാന വിതരണക്കാരനായ അമലിനെ പിടികൂടിയത്. ടിയാൻ ബാംഗ്ലൂരിൽ നിന്നുമാണ് എംഡിഎംഎ വാങ്ങുന്നതെന്നും, ബാംഗ്ലൂരിൽ സ്‌ഥിര തമാസമാക്കിയ തമിഴ്നാട് സ്വദേശിയാണ് ഇതിൽ ഇടനിലക്കാരൻ എന്നും ഒരു ഗ്രാം എംഡിഎംഎ രണ്ടായിരം രൂപയ്ക്ക് അവിടെ നിന്നും വാങ്ങി ഇവിടെ ചെറു പാക്കറ്റുകളിലാക്കി 4000 രൂപയ്ക്കാണ് വിൽപ്പന നടത്തി വരുന്നതെന്നും, ട്രെയിനിലും അന്തർ സംസ്ഥാന ബസ്സുകളിലുമാണ് നിരവധി തവണയായി എംഡിഎംഎ കടത്തിയിരുന്നതെന്ന് പ്രതി ചോദ്യം ചെയ്തതിൽ പറഞ്ഞു

അമല്‍

ഈ കേസിലെ കണ്ണികളെ ക്കുറിച്ചും അന്തർ സംസ്ഥാന ബന്ധങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് കൊല്ലം അസിസ്റ്റന്റ് എക്സ്സൈസ് കമ്മിഷണർ വി.റോബർട്ട്‌ അറിയിച്ചു. പോയിന്റ് അഞ്ച് ഗ്രാമിന് മുകളിൽ എംഡിഎംഎ കൈവശം വയ്ക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റവും, 10ഗ്രാമിന് മുകളിൽ കൈവശം വയ്ക്കുന്നത് 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ എം. മനോജ്‌ ലാൽ, എം.എസ്. ഗിരീഷ്, ആർ. മനു, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിഥിൻ, മുഹമ്മദ്‌ കാഹിൽ, ജൂലിയൻ, അജീഷ് ബാബു, വനിത സിവിൽ എക്സ്സൈസ് ഓഫീസർമാരായ ശാലിനി, ഗംഗ, ഡ്രൈവർ നിഷാദ് എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

Advertisement