തൃശ്ശൂർ. തളിക്കുളത്തെ ബാറിൽ നടന്ന കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ ആണെന്ന് വ്യക്തമായി. ബില്ലിൽ തിരിമറി നടത്തി ഒന്നര ലക്ഷം രൂപ തട്ടിയ ജീവനക്കാരാണ് ക്വട്ടേഷന് പിന്നിൽ. സംഭവത്തിൽ 7 പേരെ പോലീസ് പിടികൂടി. ബാർ ഉടമ കൃഷ്ണരാജിൻ്റെ സുഹൃത്തായ ബൈജുവിനെയാണ് കുത്തി കൊലപ്പെടുത്തിയത്. കൃഷ്ണരാജും സഹായി അനന്തുവും അപകട നില തരണം ചെയ്തു.

പത്ത് ദിവസം മുമ്പ് പ്രവർത്തനം തുടങ്ങിയ സെൻട്രൽ ബാറിൽ ബിൽ തിരിമറി നടത്തി ഒന്നര ലക്ഷം തട്ടിയെന്ന് ആരോപിച്ച് മൂന്ന് ജീവനക്കാരെ പുറത്താക്കിയിരുന്നു. ഇതിൽ അമൽ, വിഷ്ണു എന്നിവർ നൽകിയ ക്വട്ടേഷനാണ് ഇന്നലെ രാത്രി കത്തിക്കുത്തിലും കൊലയിലും കലാശിച്ചത്. ബാർ ഉടമ കൃഷ്ണരാജ്, സഹായികളായ ബൈജു, അനന്തു എന്നിവർക്ക് കുത്തേറ്റു. ബൈജു സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മറ്റു രണ്ടു പേരും അപകടനില തരണം ചെയ്തു.

പണം തിരികെ നൽകാൻ കൃഷ്ണരാജ് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. കാട്ടൂരുള്ള ക്വട്ടേഷൻ സംഘത്തെയാണ് അമലും വിഷ്ണുവും സഹായത്തിന് വിളിച്ചത്. ആക്രമണത്തിന് ശേഷം സംഘം കാറിൽ പോയത് ഇരിങ്ങാലക്കുട ഭാഗത്തേക്കാണ്. പൊറത്തിശ്ശേരി ചിറയ്ക്ക് അടുത്ത് വച്ച് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷിൻ്റെ സ്ക്വാഡ് സംഘത്തെ പിടികൂടി.

ഇന്ന് കാറിൽ നടത്തിയ പരിശോധനയിൽ വാളും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. അജ്മൽ, യാസിം, അമിത്, ധനേഷ്, വിഷ്ണു, അതുൽ എന്നിവരാണ് വിഷ്ണുവിന് പുറമെ പിടിയിലായിട്ടുള്ളത്. അമലിനായി അന്വേഷണം തുടരുകയാണ്. കൊല്ലപ്പെട്ട ബൈജുവിനെതിരെയും കൊടുങ്ങല്ലൂർ മേഖലകളിലെ സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉണ്ട്.