തടവുകാർ രക്ഷപ്പെടാൻ സാധ്യത കൂടുതൽ; പൂജപ്പുര ജയിലിൽ പുതിയ കെട്ടിടം വരുന്നു

തിരുവനന്തപുരം ∙ പൂജപ്പുര സെൻട്രൽ ജയിലിനു പുതിയ മുഖം വരുന്നു. തടവുകാരുടെ സുരക്ഷയും സന്ദർശകരുടെ സൗകര്യവും കണക്കിലെടുത്ത് നിലവിലെ ഓഫിസ് ബ്ലോക്കിനു മുൻപിലായി പുതിയ കെട്ടിടം നിർമിക്കാനുള്ള ശുപാർശ ജയിൽ ഡിജിപിക്ക് കൈമാറി. പൊലീസ് കൺസ്ട്രക്‌ഷൻ കോർപറേഷനു നിർമാണ ചുമതല നൽകാനാണ് ഉദ്ദേശിക്കുന്നത്.

1986ലാണ് പൂജപ്പുര സെൻട്രൽ ജയിൽ കെട്ടിടം നിർമിച്ചത്. ജയിലിലെ വലിയ സുരക്ഷാ മതിലിനു പുറത്താണ് ഓഫിസ് സ്ഥിതി ചെയ്യുന്നത്. പരോളിനും മറ്റ് ആവശ്യങ്ങൾക്കുമായി ജയിലിൽനിന്നും പ്രധാന ഗേറ്റിലൂടെ പുറത്തിറക്കി ഓഫിസ് ബ്ലോക്കിലേക്കു നടത്തിക്കൊണ്ടു പോകുമ്പോൾ തടവുകാർ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം ഇങ്ങനെ പുറത്തിറക്കിയ തടവുകാരൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. രക്ഷപ്പെടുന്നതിനിടെ മരത്തിൽ കയറിയ ഇയാളെ ഏറെ പണിപ്പെട്ടാണ് താഴെയിറക്കിയത്.

സെൻട്രൽ ജയിലിൽ ജീവനക്കാർ കുറവായതിനാൽ തടവുകാരെ കൂട്ടത്തോടെ ജയിലിനു പുറത്തിറക്കി ഓഫിസ് ബ്ലോക്കിലേക്കു കൊണ്ടുപോകുന്നത് ഉദ്യോഗസ്ഥർക്കും തലവേദനയാണ്. ഇതൊഴിവാക്കാനാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. നിലവിലെ ഓഫിസ് ബ്ലോക്കിനു മുൻപിലായി പുതിയ കെട്ടിടം വരുന്നതോടെ ജയിലിന്റെ പ്രധാന പ്രവേശന കവാടം ഈ കെട്ടിടത്തിനുള്ളിലാകും. അതോടെ, തടവുകാരെ സുരക്ഷിതമായി ഓഫിസിലെത്തിച്ച് തിരികെ സെല്ലിലേക്കു മാറ്റാനാകും. പുറത്തുനിന്നുള്ള സന്ദർശകരെ നിയന്ത്രിതമായ മേഖലയിൽ നിർത്താനും കഴിയും.

പുതിയ ജയിലുകളിൽ മിക്കവയിലും മൂന്നും നാലും ഗേറ്റ് സുരക്ഷയാണുള്ളത്. തടവുകാരെ പാർപ്പിക്കുന്നത് മൂന്നാമത്തെ ഗേറ്റ് കഴിഞ്ഞിട്ടാകും. ആദ്യത്തേത് ജയിൽ വളപ്പിലേക്ക് കയറുന്ന ഗേറ്റ്. അതുകഴിഞ്ഞ് രണ്ടാമത്തെ സുരക്ഷാ ഗേറ്റും കടന്നാലേ ഓഫിസ് കെട്ടിടത്തിലേക്കുള്ള ഗേറ്റിലെത്തൂ. അതു കഴിഞ്ഞിട്ടാകും ജയിലിലെ പ്രധാന ഗേറ്റ്.

പുരാവസ്തു പ്രാധാന്യമുള്ള കെട്ടിടമായതിനാൽ പൂജപ്പുര ജയിലിനകത്ത് വലിയ മാറ്റം വരുത്താൻ കഴിയില്ലെന്ന് അധികൃതർ പറയുന്നു. 3000 ചതുരശ്ര അടിക്കുള്ളിലുള്ള ഓഫിസ് കെട്ടിടമാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. സൂപ്രണ്ടിന്റെ ഓഫിസ് അടക്കം പുതിയ കെട്ടിടത്തിലേക്കു മാറും. ഇപ്പോഴത്തെ ഇരുനില ഓഫിസ് കെട്ടിടത്തിൽ തടിയിൽ ഉണ്ടാക്കിയ കുത്തനെയുള്ള പടികളുണ്ട്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാണ് പുതിയ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പൂജപ്പുര സെൻട്രൽ ജയിലിന്റെ പ്രധാന സുരക്ഷാ മതിലിനുള്ളിൽ 9 ഏക്കറിലാണ് തടവുകാരെ പാർപ്പിക്കുന്ന കെട്ടിടങ്ങളും അനുബന്ധ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. 36.36 ഏക്കറിലാണ് ജയിൽ.

Advertisement