ഇക്കുറി ഓണ ബംപർ അടിച്ചാൽ കൈയിലിരിക്കും 25 കോടി!

തിരുവനന്തപുരം: ഇത്തവണത്തെ ഓണം ബംപർ 25 കോടി രൂപ. ലോട്ടറി ഡയറക്ടറേറ്റിന്റെ ശുപാർശ സംസ്ഥാന സർക്കാർ അംഗീകരിച്ച് വിജ്ഞാപനമിറക്കി. ചരിത്രത്തിലാദ്യമായാണ് 12 കോടിരൂപയ്ക്ക് മുകളിലുള്ള സമ്മാനം ലോട്ടറി വകുപ്പ് പരിഗണിക്കുന്നത്.

25, 28, 50 കോടി രൂപയുടെ സമ്മാനത്തുകകളുള്ള ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ധനവകുപ്പിനോട് ശുപാർശ ചെയ്തത്. ഇതിൽ 25 കോടിരൂപയുടെ ടിക്കറ്റാണ് സർക്കാർ അംഗീകരിച്ചത്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്.

രണ്ടാം സമ്മാനം അഞ്ച് കോടി രൂപ. മൂന്നാം സമ്മാനമായി ഒരു കോടിരൂപ വീതം 10 പേർക്ക് നൽകും. തിങ്കളാഴ്ച മുതൽ വിൽപ്പന ആരംഭിക്കും. 90 ലക്ഷം വരെ ടിക്കറ്റ് അച്ചടിക്കാനുള്ള സംവിധാനമുണ്ട്. 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപ ലോട്ടറി അടിക്കുന്നയാൾക്ക് ലഭിക്കും.

കഴിഞ്ഞ തവണ ഓണം ബംപറിന്റെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ മൂന്നു വർഷമായി 12 കോടി രൂപയാണ് ഓണം ബംപറിന്റെ സമ്മാനത്തുക. 300 രൂപയായിരുന്നു ടിക്കറ്റ് വില. സമ്മാനത്തുക വർധിപ്പിക്കുന്നത് കൂടുതൽ വരുമാനം ഉണ്ടാക്കുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. ടിക്കറ്റ് നിരക്ക് ഉയർത്തുന്നത് വിൽപ്പനയെ ബാധിക്കുമെന്ന ആശങ്ക വിൽപ്പനക്കാർ പങ്കുവയ്ക്കുന്നു.

Advertisement