തൃശൂർ:ഇന്നലെ രാത്രി ചരിഞ്ഞ കൊമ്പൻ പാറമേക്കാവ് പത്മനാഭന്‍റെ സംസ്കാരം ഇന്ന് നടക്കും. അസുഖം ബാധിച്ച് ചികിൽസയിലായിരുന്നു. തൃശൂർ പൂരത്തിൽ ഒന്നര പതിറ്റാണ്ട് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ആനയാണ് പത്മനാഭൻ. കഴിഞ്ഞ പൂരത്തിനും പത്മനാഭൻ പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയിരുന്നു.പാറമേക്കാവ് ദേവസ്വം പത്മനാഭനെ വാങ്ങിയത്. ശാന്തനായ കൊമ്പൻ ദേശക്കാരുടെ പ്രിയപ്പെട്ടവനായിരുന്നു.

പൂരപ്പറമ്പിലെ ആനച്ചന്തമായിരുന്നു ശ്രീ പത്മനാഭന്‍. ശാന്തതയായിരുന്നു പ്രകൃതം. ഉത്തരേന്ത്യയില്‍ നിന്നാണ് വരവ്. 2005ലാണ്ബിഹാറിന്‍റെ കാര്‍ഷികോത്സവമായ സോണ്‍പൂര്‍ മേളയില്‍ നിന്ന് പത്മനാഭനെ കണ്ടെത്തിയത്. പത്തടിയോളം ഉയരമുള്ള കൊമ്പനെ മോഹവില കൊടുത്ത് സ്വന്തമാക്കിയത് നന്തിലത്തുകാരാണ്. 2006ല്‍
ശ്രീപരമേശ്വരന് പകരക്കാരനായി പത്മനാഭന്‍ പാറമേക്കാവ് ഭഗവതിയുടെ തിരുനടയിലെത്തി. പിന്നീടിങ്ങോട്ടുള്ള ഒന്നരപ്പതിറ്റാണ്ട് കാലം
പത്മനാഭന്‍ തൃശൂര്‍ പൂരത്തിന്‍റെ ആനച്ചന്തമായി. പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കോട്ടിറങ്ങുന്ന പത്മനാഭന്‍ പലപൂരക്കാലത്തേയും
മനോഹരക്കാഴ്ചയായിരുന്നു. ഒരാഴ്ചയായി ശരീര തളർച്ചയെ തുടർന്ന് ചികിൽസയിലായിരുന്നു പത്മനാഭന്‍. പാടൂക്കാടുള്ള പാറമേക്കാവിന്‍റെ ആനപ്പറമ്പില്‍
കുഴഞ്ഞുപോയ പത്മനാഭനെ യന്ത്രസഹായത്താലുയര്‍ത്തിയെങ്കിലും വീണ്ടും കുഴയുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടെ ഇന്നലെ രാത്രിയാണ്
പത്മനാഭന്‍ ചരിഞ്ഞത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കോടനാടാണ് പത്മനാഭന്‍റെ സംസ്കാരം നടക്കുക. നാട്ടാനകളില്‍ കീര്‍ത്തികേട്ട ഒരു കൊമ്പന്‍കൂടി വിടവാങ്ങുന്നത് ആനപ്രേമികള്‍ക്ക് തീരാനൊമ്പരമാണ്.

പത്മനാഭന്റെ പൊതുദർശനം തൃശൂർ പാടൂക്കാട് ആനപ്പറമ്പിൽ നടക്കും. സംസ്കാരം ഇന്ന് കോടനാട് വനത്തില്‍.