തിരുവനന്തപുരം:
സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. വടക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തമാകും. നാളെയോടെ മഴ വീണ്ടും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷക്കും ആന്ധ്രയ്ക്കും മുകളിലായുള്ള ന്യൂനമർദവും, ഗുജറാത്ത്-കേരളാ തീരത്തെ ന്യൂനമർദ പാത്തിയുമാണ് മഴ തുടരുന്നതിന് കാരണം. 
കേരളാ തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് അധികൃതർ പറയുന്നതിന് അനുസരിച്ച് മാറി താമസിക്കാനും നിർദേശമുണ്ട്.