എറണാകുളം. കലൂരില്‍ നഗരമധ്യത്ത് യുവാവിന്റെ ആത്മഹത്യയിൽ കാരണം തേടിയ പൊലിസ് കണ്ടെത്തിയത് മാനസിക വൈകല്യം. സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷമായിരുന്നു തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ ഇന്നലെ ജീവനൊടുക്കിയത്.ഇരു യുവാക്കളും ഓൺലൈൻ ഗെയിമിന് അടിമകളായിരുന്നുവെന്ന് പൊലിസിന് വിവരം ലഭിച്ചു.

വെട്ടേറ്റ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇയാളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഇന്നലെ വൈകിട്ട് അഞ്ച് മുപ്പതോടെയായിരുന്നു തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ കലൂരിലെത്തി പൊതുവഴിയിൽ ആത്മഹത്യ ചെയ്തത്. യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിതമായി രക്തം വാർന്നതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. എറണാകുളം നോർത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ഓണ്‍ലൈന്‍ ഗയിമിന് അടിമയായത് ആവാം മാനസിക പിരിമുറുക്കത്തിലേക്കും അക്രമത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് മാത്രമാണ് കണ്ടെത്താനായത്. മയക്കുമരുന്നിന്‍റെ ഉപയോഗം സംശയിക്കുന്നുണ്ടെങ്കിലും വിശദമായ അന്വേഷണത്തിനും പോസ്റ്റ്മോര്‍ട്ടം ഫലങ്ങള്‍ നോക്കിയും മാത്രമേ സ്ഥിരീകരണം സാധിക്കൂ.