തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ പൊടിയാടിയിൽ നടുറോഡിൽ ഏറ്റുമുട്ടിയ ഗുണ്ടാ സംഘങ്ങളിലെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് മാരകായുധങ്ങൾ അടക്കം പോലീസ് പിടികൂടിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ഇന്നലെ വൈകിട്ടാണ് തിരുവല്ല അമ്പലപ്പുഴ സംസ്ഥാന പാതയിൽ നടുറോഡിൽ ഗുണ്ടാ സംഘത്തിൽപെട്ടവർ മാരകായുധങ്ങളുമായി പോർവിളി നടത്തിയത്. വിവരം അറിഞ്ഞ് പുളിക്കീഴ് പോലീസ് എത്തിയപ്പോഴേക്കും ഇവർ ആയുധങ്ങൾ വലിച്ചെറിഞ്ഞ് ഓടി രക്ഷപെടാൻ ശ്രമിച്ചു.സംഘത്തിൽ പെട്ട ഗോകുൽ, അനന്തു എന്നിവരെ സംഭവ സ്ഥലത്ത് വച്ച് തന്നെ പുളിക്കീഴ് എസ് ഐയുടെ നേതൃത്വത്തിൽ പിടികൂടി.പോലീസിനെ വെട്ടിച്ച് രക്ഷപെട്ട ഗോപൻ, രാജീവ്, വികാസ് ബാബു എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.

പ്രതികൾ തമ്മിൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് നില നിന്നിരുന്ന തർക്കമാണ് നടുറോഡിലെ ഏറ്റുമുട്ടലിന് വഴിയൊരുക്കിയതെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരിൽ അനന്തുവിനെതിരെ പുളിക്കീഴ് സ്റ്റേഷനിലടക്കം മൂന്ന് ക്രിമിനൽ കേസുകളും വികാസ് ബാബുവിനെതിരെ കഞ്ചാവ് കേസും നിലവിലുണ്ട്. പ്രതികളുടെ കഞ്ചാവ് മാഫിയയുമായുള്ള ബന്ധം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എസ്.ഐ കവിരാജ് പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.