തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ ആക്രിക്കച്ചവടക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് നെട്ടയകോണം സ്വദേശി കെ. ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഭുവനചന്ദ്രന്‍ ജോലി ചെയ്തിരുന്ന വീടിനു സമീപത്തെ കരിക്കു കടയില്‍ സംസാരിച്ചു നില്‍ക്കവെയാണ് അതുവഴി പോയ ആക്രിക്കാരനുമായി വാക്കുതര്‍ക്കമുണ്ടായത്.

വാക്കുതര്‍ക്കം രൂക്ഷമായതോടെ ആക്രിക്കച്ചവടക്കാരന്‍ ഭുവനചന്ദ്രനെ ചവിട്ടുകയായിരുന്നു. കരള്‍ രോഗത്തിന് ഓപ്പറേഷന്‍ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രന്‍. വയറില്‍ ശക്തമായ ചവിട്ടേറ്റ് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ആന്തരീക രക്തസ്രാവമാണ് മരണ കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇയാളെ ചവിട്ടിയ ആക്രിക്കാരനെ അന്വേഷിച്ചു വരികയാണെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.