തിരുവനന്തപുരം: പെൺസുഹൃത്തിനെ കാണാൻപോയ യുവാവിനെ കാണാനില്ലെന്ന് പരാതി. നരുവാമൂട് സ്വദേശിയായ യുവാവിനെയാണ് കാണാതായത്.
പെൺസുഹൃത്തിൻറെ ബന്ധുക്കൾ തട്ടിക്കൊണ്ട് പോയെന്നും പിന്നീട് യുവാവ് എവിടെയെന്ന് വിവരമില്ലെന്നുമാണ് പരാതി. വിഴിഞ്ഞം സ്വദേശിയായ പെൺകുട്ടിയെ കാണാനായി ഇന്നലെയാണ് കിരൺ എന്നയാൾ രണ്ട് സുഹൃത്തുക്കളുമായെത്തിയത്. വീടിന് മുമ്പിൽവെച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ കാറിലും ബൈക്കിലും തങ്ങളെ കയറ്റികൊണ്ടുപോയെന്ന് ഒപ്പമുണ്ടായിരുന്ന മെൽവിൻ പറഞ്ഞു. എന്നാൽ ബൈക്ക് നിർത്തിയപ്പോൾ കിരൺ ഇറങ്ങിയോടിയെന്ന് ബന്ധുക്കൾ പറഞ്ഞു.
കിരണിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെ ഒരു ചെറുപ്പക്കാരൻ കടലിൽ വീണതായി വിഴിഞ്ഞം പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കിരണിൻറെ ചെരിപ്പ് ആഴിമലയിൽ നിന്നും കോസ്റ്റൽ പൊലീസിന് കിട്ടി. കിരണിനായി തിരച്ചിൽ തുടരുകയാണ്. യുവാക്കളെ തട്ടിക്കൊണ്ട് പോയവർ ഒളിവിലാണ്.