ട്രെയിൻ യാത്രക്കിടയിൽ പണവും സ്വർണവും കവർച്ച നടത്തുന്ന പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ട്രെയിൻ യാത്രക്കിടയിൽ പണവും സ്വർണവും കവർച്ച നടത്തുന്ന പ്രതി അറസ്റ്റിൽ. പെരുമാതുറ സ്വദേശി സെബാസ്റ്റ്യൻ അഷ്റഫിനെയാണ് (49) തമ്പാനൂർ റെയിൽവേ പൊലീസ് പിടികൂടിയത്.

അമൃത എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കഴക്കൂട്ടം കുളത്തൂർ സ്വദേശിയായ വീട്ടമ്മയുടെ ബാഗാണ് മേയ് 16ന് തമ്പാനൂർ സ്റ്റേഷനിൽവെച്ച്‌ ഇയാൾ കവർന്നത്.

ട്രെയിൻ തമ്പാനൂർ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്ക് കടന്ന ഉടൻ ഇയാൾ ബാഗ് പിടിച്ചുപറിച്ച്‌ പ്ലാറ്റ്‌ഫോമിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. 24ഗ്രാം സ്വർണവും 30,000 രൂപയുമാണ് ബാഗിലുണ്ടായിരുന്നത്. കവർച്ചയ്‌ക്കിടെ ട്രെയിനിൽ നിന്നുവീണ് വീട്ടമ്മയ്‌ക്ക് പരുക്കേറ്റിരുന്നു.

ഏപ്രിലിൽ കൊച്ചുവേളി സ്റ്റേഷനിൽവച്ച്‌ കണ്ണൂർ എയർപോർട്ടിലെ ഉദ്യോഗസ്ഥനെ ആക്രമിച്ച്‌ കവർച്ച നടത്തിയതും ഇയാളായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അന്ന് 20,​000 രൂപയും ഐഫോണും മറ്റൊരു മൊബൈൽ ഫോണുമടങ്ങിയ ബാഗാണ് ഇയാൾ തട്ടിയെടുത്തത്. ശാർക്കരയിൽ നിന്ന് റെയിൽവേ പൊലീസാണ് ഇയാളെ പിടികൂടിയത്.