തിരുവനന്തപുരം:
"ജയ് ഭീം " എന്ന മുദ്രാവാക്യത്തെ പാലാരിവട്ടം പാലത്തിന്റെ തകർന്നു പോയ "ബീം" ആണോ എന്ന് പറഞ്ഞ് പരിഹസിച്ച മണലൂർ എം എൽ എ മുരളി പെരുനെല്ലി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി -പട്ടികവർഗ്ഗ സംയുക്ത സമിതി ത്രിദിന പ്രക്ഷോഭം ഇന്ന് മുതൽ.
ജൂലൈ 8, 9 തീയതികളിൽ
വൈകിട്ട് 6 മണിക്ക്
സമിതിയിൽ അംഗ സംഘടനകളായ സമുദായ സംഘടനകളിലെ കുടുംബങ്ങളിലെ കുടുംബാംഗങ്ങൾ ഡോ.അംബേദ്കറുടെ ഛായാചിത്രം കൈകളിൽ ഉയർത്തി , ” ജയ് ഭീം ” എന്ന മുദ്രാവാക്യമുയത്തിക്കൊണ്ടുള്ള പ്രതിഷേധ ജ്വാലകൾ തെളിയിക്കും.
ജൂലൈ 11 – ന്
വൈകിട്ട് 5 മണിക്ക് സംസ്ഥാനത്തെ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ
ഡോ.അംബേദ്ക്കറുടെ ചിത്രവും പേറിയുള്ള നില്പ് സമരവും നടത്തും.
ഈ ക്യാമ്പയിനുകളിലൂടെ സംഘടനയുടെ ആയിരക്കണക്കിന് ജനങ്ങളെ അണിനിരത്തും.
ഇന്ത്യയിലെ ശതകോടി കണക്കിന് ജനങ്ങൾ ഹൃദയത്തിലേറ്റി ആത്മാഭിമാനത്തോടെ ഉയർത്തുന്ന മുദ്രാവാക്യമാണ് ജയ് ഭീം. നൂറ്റാണ്ടുകൾ അടിമത്വത്തിന്റെയും അയിത്തത്തിന്റെയും പേരിൽ മനുഷ്യരായി അംഗീകരിക്കാതിരുന്ന ഒരു സമൂഹത്തെ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ച് സ്നേഹത്തിന്റെയും പ്രകാശത്തിന്റെയും പ്രഭാവലയം നൽകിയ അമാനുഷനാണ് ഡോ. ഭീം റാവു റാംജി അംബേദ്കർ – അദ്ദേഹത്തെ മനസ്സിലേറ്റിയ ഇന്ത്യൻ ജനത ആദരവോടെ വിളിക്കുന്ന നാമധേയമാണ് “ഭീം ” .
ഇന്ത്യയിൽ ഉയരുന്ന ഏതു പ്രതിബന്ധങ്ങളേയും നേരിടുന്നതിനും ജനാധിപത്യപരമായി ഐക്യപ്പെടുന്നതിനും
ഇന്ത്യൻ ജനത ഉയർത്തി മാറോടണയ്ക്കുന്നത് ഇന്ത്യൻ ഭരണഘടനയും അതിന്റെ ശില്പി ആയ അംബേദ്ക്കറേയുമാണ്.
ആ ഭരണഘടനയിലെ വാചകൾ ചൊല്ലി പ്രതിജ്ഞ ചെയ്ത് കൈയ്യൊപ്പ് ചാർത്തി അധികാരത്തിൽ ഇരിക്കുന്ന എം എൽ എ യിൽ നിന്നുമാണ് അതിന്റെ ശില്പിയുടെ നാമധേയത്തെ പാലാരിവട്ടത്ത് തകർന്നു പോയ ബീമായി പരിഹസിച്ചിരിക്കുന്നത്.
അതും ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ . ഈ പരിഹാസ വാക്കുകൾ അദ്ദേഹം എഴുതി തയ്യാറാക്കിയ കുറിപ്പ് നോക്കിയാണ് പറഞ്ഞു കാണുന്നത് എന്നത് അത്യന്തം ഗൗരവ്വ തരമാണ്. അതിനാൽ
അദ്ദേഹത്തിന് ഇനി ഒരു നിമിഷം പോലും എം എൽ എ സ്ഥാനത്ത് തുടരാൻ അർഹതയില്ലന്ന് സമിതി സംസ്ഥാന കമ്മിറ്റി പറഞ്ഞു.
സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.സോമരാജൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി ഐ. ബാബു കുന്നത്തൂർ ക്യാമ്പയിൻ പ്രഖ്യാപനം നടത്തി –
അംഗ സംഘടനാ നേതാക്കളായ ഡോ.കെ.സി. സുരേന്ദ്രനാഥ് ( കെ പി എം എസ് )എം.വി.ജയപ്രകാശ് (കേരളാ സാംബവർ സൊസൈറ്റി ), എൻ. രാഘവൻ (കേരള സിദ്ധനർ സർവീസ് സൊസൈറ്റി) എം.എസ്. ബാഹുലേയൻ (കേരള വേലൻ മഹാസഭ) പി.എൻ. സുകുമാരൻ , സുനിൽ വലഞ്ചുഴി (അഖില കേരള പാണർ സമാജം), എം.എസ്.ശിവ പ്രകാശ് (ഭാരതീയ വേലൻ സൊസൈറ്റി), സുനിൽ സി. കുട്ടപ്പൻ (പട്ടികജാതി-സമുദായ സഭ ) തുടങ്ങിയ സംഘടനാ നേതാക്കൾ
യോഗത്തിൽ പങ്കെടുത്തു