തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കും. ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയും ഒഡീഷ, ആന്ധ്ര തീരത്തിന് സമീപമുള്ള ചക്രവാത ചുഴിയും അനുബന്ധ കാലവർഷ കാറ്റുകളുമാണ് മഴ ശക്തമാകാൻ കാരണം. 
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കേരളാ ലക്ഷദ്വീപ് തീരങ്ങളിൽ 10ാം തീയതി വരെയും കർണാടക തീരങ്ങളിൽ 12ാം തീയതി വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.