.നേതൃക്യാമ്പിനിടെയുണ്ടായ പീഡന പരാതിയിൽ ആഭ്യന്തര അന്വേഷണത്തിന് യൂത്ത് കോൺഗ്രസ്. കെപിസിസിയുടെ നിർദേശ പ്രകാരം വനിതാ പ്രതിനിധികളിൽ നിന്ന് നേതൃത്വം ഉടൻ വിവരങ്ങൾ തേടും. വ്യാജ പരാതി പ്രചരിപ്പിച്ചെന്ന കുറ്റത്തിൽ ചില നേതാക്കൾക്കെതിരെ നടപടിക്കും സാധ്യതയുണ്ട്.

തിരുവനന്തപുരം.പീഡന ആരോപണം വിവാദമായ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് കെപിസിസി വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കാട്ടെ ക്യാമ്പിൽ പങ്കെടുത്ത വനിതാ പ്രതിധികളിൽ നിന്നുൾപ്പെടെ നേതൃത്വം വിവരങ്ങൾ ശേഖരിക്കും. പരാതി വ്യാജമായി നിർമിച്ചതണെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയായ പ്രവർത്തകയുടെ വിശദീകരണം.

യൂത്ത് കോൺഗ്രസ് നേതൃത്വത്തിനും ഈ വിശദീകരമാകും ഇവർ നൽകുക. തന്റെ പേരിൽ പ്രചരിക്കുന്ന പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നും നേതാക്കളോട് പ്രവർത്തക ആവശ്യപ്പെട്ടേക്കും. ഇതിൽ അന്വേഷണം നടത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ഇന്നലെ അറിയിച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ചില നേതാക്കൾക്കെതിരെ നടപടി ഉണ്ടാകാനും സാധ്യതയുണ്ട്.


ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കും. വിവാദത്തിൽ ആരോപണ വിധേയനായ വിവെക് എച്ച് നായരോട് സംഘടനയിൽ അതൃപ്തിയുള്ളവരാണ് പരാതി പ്രചരിയൊപ്പിച്ചതെന്നാണ് വിലയിരുത്തൽ. വിഷയം ഡിവൈഎഫ്ഐ ഉൾപ്പടെ കൂടുതൽ ചർച്ചയാക്കുന്ന പാശ്ചാതലത്തിൽ കെപിസിസി നേതൃത്വത്തിന് ഉടൻ തന്നെ വിശദീകരണം നൽകാനാണ് യൂത്ത് കോൺഗ്രസ് നീക്കം