ഒഞ്ചിയം.കെ.കെ.രമ എംഎൽഎയെ അധിക്ഷേപിച്ച് എളമരം കരീം എംപി.
പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിനുള്ള പാരിതോഷികമാണ് എംഎൽഎ സ്ഥാനമെന്നായിരുന്നു വിമർശനം.
എന്നാൽ കൊന്നിട്ടും തീരാത്ത പകയുടെ ബാക്കിപത്രമാണ് എളമരം കരീമിൻ്റെ പ്രസംഗമെന്നായിരുന്നു കെ.കെ.രമയുടെ പ്രതികരണം. രാജ്യസഭാ എംപിയായി നാമനിർദേശം ചെയ്യപ്പെട്ട പി ടി ഉഷയെയും പരോക്ഷമായി വിമർശിച്ചു. കുറച്ചുകാലമായി ഏഷ്യാഡ് യോഗ്യതയ്ക്ക് പുറമേയുള്ള യോഗ്യത ഉണ്ടെന്ന് അവർ തെളിയിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നായിരുന്നു എളമരം കരീമിന്റെ വിമർശനം.

RMPക്ക് സ്വാധീനമുള്ള ഒഞ്ചിയത്ത് ചൊവ്വാഴ്ച നടന്ന സി.എച്ച് അശോകന്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്താണ് എളമരം കരീം വിവാദ പ്രസംഗം നടത്തിയത്.

ആർഎംപിയുടെ വളർച്ചയെ എളമരം കരീമിൻ്റെ പ്രസംഗം കൊണ്ട് തടയാനാവില്ലെന്ന് കെ.കെ.രമ പറഞ്ഞു.

നിയമസഭയില്‍ സര്‍ക്കാരിനെതിരെ കെ.കെ.രമ കടുത്ത നിലപാട് സ്വീകരിച്ചതിന് പിന്നാലെയായിരുന്നു എളമരം കരീമിൻ്റെ വിവാദപ്രസംഗം. മനുഷ്യാവകാശപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെയും മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാറിനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി കോഴിക്കോട് നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനത്തിലാണ് പിടി ഉഷയുടെ പേര് പറയാതെ എളമരം കരീം വിമർശിച്ചത്.

എളമരം കരീം അടുത്ത് അറിയുന്ന നേതാവാണെന്നും മറുപടി ഇല്ലെന്നുമായിരുന്നു പിടി ഉഷപറഞ്ഞത്.

എളമരം കരിമിന്റെത് വിഷവായനയെന്നും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. രാജ്യസഭാ എംപി എന്ന നിലയിൽ കായികലോകത്തിന് പുതിയ ചിന്തകളും നിർദേശങ്ങളും പകരാൻ ഉഷയ്ക്ക് കഴിയുമെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു. പിടി ഉഷയ്ക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ പയ്യോളിയിൽ സ്വീകരണം നൽകി. അതേസമയം പി ടി ഉഷയെ അപമാനിച്ചത്തിനെതിരെ പയ്യോളിയിൽ യുവമോർച്ച എളമരം കരീമിന്റെ കോലം കത്തിച്ചു.