തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ രാജി ഉചിതമെന്ന് കോടിയേരി ബാലകൃഷ്ണൻ. സജി ചെറിയാൻ രാജി വെച്ചത് സന്ദർഭോചിതമെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തിയതായി കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
‘മറ്റൊരു മന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്തില്ല. സ്ഥിതിഗതികൾ വിലയിരുത്തി പിന്നീട് തീരുമാനിക്കും. സജി ചെറിയാൻ രാജിവെച്ചത് സന്ദർഭോചിതമായിട്ടാണ്. അദ്ദേഹം ഉയർത്തിപിടിച്ചത് ഉന്നത ജനാധിപത്യ മൂല്യം. പ്രസംഗത്തിൽ വീഴ്ച സംഭവിച്ചെന്ന് മനസിലാക്കിയാണ് രാജി. വീഴ്ച സംഭവിച്ചെന്ന് സജി ചെറിയാൻ തന്നെ മനസിലാക്കി. സജി ചെറിയാൻ രാജി വെച്ചതോടെ പ്രശ്നങ്ങൾ അപ്രസക്തമായി’, കോടിയേരി കൂട്ടിച്ചേർത്തു.
‘ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന പാർട്ടിയാണ് സിപിഎം. ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടിയാണ് പാർട്ടി പോരാടുന്നത്. ഭരണഘടനാ തത്വങ്ങൾക്ക് അനുസരിച്ചാണ് സിപിഎം പ്രവർത്തിക്കുന്നത്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാമെന്ന് പാർട്ടി ഭരണഘടനയിലുണ്ട്’, കോടിയേരി സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പറഞ്ഞു.
സജി ചെറിയാൻ കൈകാര്യം ചെയ്ത വകുപ്പുകൾ വിഭജിക്കുന്ന കാര്യം മുഖ്യമന്ത്രിയാണ് തീരുമാനിക്കുകയെന്ന് കോടിയേരി പറഞ്ഞു. അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് പാർട്ടി നിർദേശം നൽകി. സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവെയ്ക്കുമോയെന്ന ചോദ്യത്തിന് പ്രതിപക്ഷം ഉന്നയിക്കുന്നതിന് അനുസരിച്ച് ആരെങ്കിലും എംഎൽഎ സ്ഥാനം രാജിവെച്ചിട്ടുണ്ടോയെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇക്കാര്യങ്ങളിൽ പാർട്ടിക്ക് നിലപാടുണ്ട്. അതനുസരിച്ചാണ് നടപടി എടുത്തിട്ടുള്ളതെന്ന് കോടിയേരി പ്രതികരിച്ചു. അവെയ്ലബിൾ സെക്രട്ടേറിയറ്റ് യോഗത്തിൽ സജി ചെറിയാൻ രാജി സന്നദ്ധ അറിയിച്ചിരുന്നു. പാർട്ടി തീരുമാനം വരാത്തതിനാലാണ് അദ്ദേഹം മാധ്യമങ്ങളോട് പറയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.