ട്രെയിനുകൾ കൃത്യസമയം പാലിക്കുന്നില്ല; ദുരിതത്തിലായി ഓഫീസ് ജീവനക്കാരടക്കമുള്ള യാത്രക്കാർ

കൊല്ലം: കോവിഡിന് ശേഷം ട്രെയിൻ ഗതാഗതം ഏതാണ്ട് പൂർവ്വ സ്ഥിതിയിലേക്ക് മാറിയെങ്കിലും തിരുവനന്തപുരത്തേക്ക് ദിവസവും യാത്ര ചെയ്യുന്ന സ്വകാര്യ- സർക്കാർ ജീവനക്കാരും മറ്റ് തൊഴിലുകൾ ചെയ്യുന്നവരും ആയ യാത്രികർക്ക് ട്രെയിൻ യാത്ര സമ്മാനിക്കുന്നത് കടുത്ത ദുരിതമാണ്. കോവിഡിനു ശേഷം മിക്ക ട്രെയിനുകളും വന്നതോടെ സമയക്രമം പാലിക്കാതെയാണ് ട്രെയിനുകൾ ഓടിക്കൊണ്ടിരിക്കുന്നത്.

മിക്ക ദിവസവും രാവിലെ 9 – 10.15 മണിക്ക് ഇടയിൽ തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട മലബാർ, പുനലൂർ-കന്യാകുമാരി, പൂനെ- കന്യാകുമാരി ജയന്തി , ഇൻറർസിറ്റി, വഞ്ചിനാട് തുടങ്ങിയ ട്രെയിനുകൾ കൊല്ലം ഔട്ടറിലെ വിശ്രമത്തിന് ശേഷം കൊല്ലത്ത് എത്തിച്ചേർന്നാലും പിന്നീട് വളരെ കുറഞ്ഞ ഇടവേളകളിലായി ചിറയിൻകീഴ് – കഴക്കൂട്ടം വരെ ഓടിയെത്തും . പൂനെ- കന്യാകുമാരി ജയന്തിക്ക് ശേഷം വരുന്ന ഇൻറർസിറ്റിക്ക് വർക്കല കഴിഞ്ഞാൽ പേട്ട മാത്രമേ സ്റ്റോപ്പ് ഉള്ളൂ. എന്നാൽ 10 മിനുട്ട് മാത്രം വ്യത്യാസത്തിൽ മുന്നിൽ ഓടിക്കോണ്ടിരിക്കുന്ന കന്യാകുമാരി ജയന്തിക്ക് കടയ്ക്കാവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉള്ളതിനാൽ ആനാവശ്യമായി ഇൻറർസിറ്റി പിടിച്ചിടേണ്ടി വരുന്നു. അതിനനുസരിച്ച് പുറകിലുള്ള വണ്ടികളും വൈകി ഓടുന്നു. ശേഷം തുടർ യാത്രയിൽ കഴക്കൂട്ടം മുതൽ പേട്ട വരെ ഓരോ ട്രെയിനുകളും വരി വരിയായി ഇഴഞ്ഞ് പല സിഗ്നൽ സ്റ്റേഷനുകളിലും പിടിച്ചിടേണ്ടി വരുന്നു. ട്രെയിനുകൾ ധാരാളം ഉണ്ടായിട്ടും അത് ശരിയായ രീതിയിൽ പ്രയോജനപ്പെടുന്നില്ല. കൃത്യ സമയത്ത് ജോലിക്ക് ഹാജരാവാൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല, കൃത്യമായ പഞ്ചിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ജീവനക്കാർക്ക് ഓഫീസിൽ ഹാജരായിരുന്നാൽ പോലും പകുതി അവധി എടുക്കേണ്ടത് അതിലേറെ മാനസിക പ്രയാസമുളവാക്കുന്ന കാര്യം തന്നെ.
സീസൺ ടിക്കറ്റിൽ യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാർ ജനറൽ കമ്പാർട്ടമെൻറുകൾ കൂടുതൽ ഉള്ള ഇൻറർസിറ്റി, വഞ്ചിനാട് തുടങ്ങിയ ട്രെയിനുകളെയാണ് കൂടുതൽ ആശ്രയിക്കുന്നത്. അത്കൊണ്ട് ഈ ട്രെയിനുകളുടെ സമയം ക്രമീകരിച്ച് 10 മണിക്ക് മുമ്പായി തിരുവനന്തപുരത്ത് എത്തിച്ചേരുവാനും പൂനെ- കന്യാകുമാരി ജയന്തിയുടെ സമയം വഞ്ചിനാടിന് ശേഷമാക്കി ക്രമീകരിക്കുകയും ചെയ്യുകയാണെങ്കിൽ സ്ഥിരം യാത്രക്കാർക്ക് അത് പ്രയോജനപ്രദമാകും. കൂടാതെ ഇപ്പോൾ കന്യാകുമാരിയിലേക്ക് തിരുവനന്തപുരത്ത് നിന്ന് പോകുന്ന പുനലൂർ-കന്യാകുമാരി, പൂനെ- കന്യാകുമാരി ജയന്തി എന്നീ ട്രെയിനുകൾ തൊട്ടടുത്ത സമയങ്ങളിൽ വരുന്നത് ഒഴിവാക്കാനും സാധിക്കും.
മിക്ക ദിവസങ്ങളിലും രാവിലെ 10 മണിയോട് കൂടി തിരുവനന്തപുരത്ത് പ്ലാറ്റ്ഫോമിന്റെ അഭാവം കാരണം പേട്ടയിൽ സ്റ്റോപ്പ് ഇല്ലാത്ത ട്രെയിനുകൾ പോലും ദീർഘ നേരം പേട്ടയിൽ പിടിച്ചിടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
തിരുവനന്തപുരത്ത് വൈകുന്നേരം അഞ്ച് മണിക്ക് ശേഷവും സ്ഥിതി ഇത് തന്നെ. 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുനലൂരിലേക്ക് പോകുന്ന കന്യാകുമാരി-പുനലൂർ സമയത്തിന്, തിരുവനന്തപുരത്ത് എത്തിയാലും ഏറെ നേരം പിടിച്ചിട്ടതിന് ശേഷമാണ് പുറപ്പെടുന്നത്. അത്കൊണ്ട് കൊല്ലത്തേക്കുള്ള യാത്രക്കാർ ആദ്യം ഏത് ട്രെയിനിൽ കയറണം എന്ന ആശങ്കയിലാണ് എപ്പോഴും. മാത്രമല്ല ആലപ്പുഴ ഭാഗത്തേക്ക് ട്രെയിൻ കുറവായതിനാൽ ഇൻറർസിറ്റിയിലെ യാത്രക്കാർക്ക് ട്രെയിനിലെ തിരക്ക് ഒഴിവാക്കാൻ സാധിക്കും. കൃത്യ സമയത്ത് കന്യാകുമാരി-പുനലൂർ ട്രെയിൻ പുറപ്പെടാനുള്ള നടപടി സ്വീകരിച്ചാൽ ഇൻറർസിറ്റി, വഞ്ചിനാട് എന്നീ ട്രെയിനുകൾക്ക് സമയക്രമം പാലിച്ച് പുറപ്പെടാവുന്നതാണ്.

Advertisement