തോട്ടിൽ മുങ്ങിത്താഴ്ന്ന മൂന്ന് ജീവനുകളെ കൈപിടിച്ചു തിരികെ ജീവിതത്തിലേക്കു കയറ്റി ജിജിമോൾ

തിരുവല്ല. പാലം തകർന്ന് തിരുവല്ല വേങ്ങൽ തോട്ടിൽ മുങ്ങിത്താഴ്ന്ന മൂന്ന് ജീവനുകളെ കൈപിടിച്ചു തിരികെ ജീവിതത്തിലേക്കു കയറ്റി ജിജിമോൾ. വേങ്ങൽ പാടശേഖരത്തിലേക്ക് പോകുന്ന ഇരുമ്പുപാലം തകർന്ന് തോട്ടിൽ മുങ്ങി താണവരെയാണ് വെള്ളത്തിൽ ചാടി ജിജി മോൾ രക്ഷിച്ചത്.

പുഷ്പഗിരി ആശുപത്രിയിലെ തന്റെ കോഫി ഷോപ്പിലേക്കുള്ള യാത്രയിലാണ് 10 അടിയോളം താഴ്ചയുള്ള വേങ്ങൽ തോട്ടിൽ മൂന്നുപേർ മുങ്ങിത്താഴുന്നത് കണ്ടത്. ജിജിമോൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടത് പോലും വന്നില്ല തോട്ടിലേക്ക് എടുത്തുചാടി ഓരോരുത്തരെയായി ജിജിമോൾ സുരക്ഷിതമായി കരയിൽ എത്തിച്ചു. വേങ്ങൽ സ്വദേശി വിനീത് ഭാര്യ മെർലിൻ മുംബൈയിൽ സ്ഥിരതാമസമാക്കിയ വിനീതിന്റെ മാതൃ സഹോദരി പുത്രൻ സിജിൻ സണ്ണി എന്നിവര്‍ക്കാണ് ജിജീമോൾ രണ്ടാമതൊരു ജന്മം നല്‍കിയത്.

കേരളത്തിന് പുറത്ത് താമസിക്കുന്ന ഇവർ നാട്ടിലെത്തിയിട്ട് ദിവസങ്ങളായി. മഴയില്‍ മുങ്ങിയ വേങ്ങൽ പാടത്തെത്തി ഫോട്ടോ എടുത്ത് മടങ്ങുമ്പോൾ ആയിരുന്നു അപകടമുണ്ടായത്. തോടിനു കുറുകെ സ്ഥാപിച്ച ഇരുമ്പു പാലത്തിലൂടെ മറുകരയിലേക്ക് നടക്കുമ്പോൾ തോടിന്റെ മധ്യഭാഗത്ത് വച്ച് പാലം ഒടിഞ്ഞു. മൂന്നുപേരും തോട്ടിലേക്ക് വീണു. നീന്തൽ അറിയാത്ത മൂന്നുപേരും വെള്ളത്തിൽ മുങ്ങിത്താഴുന്നതാണ് അതുവഴി വന്ന ജിജിമോൾ കണ്ടത്. സമീപത്ത് സഹായത്തിന് വിളിക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ജിജിമോള്‍ സഹായത്തിന് കാത്തുനിന്നില്ല. മൂവരെയും കരയിലെത്തിച്ച് ഉച്ചത്തില്‍ വിളിച്ചുകൂവി. ശബ്ദം കേട്ട് നാട്ടുകാരെത്തിയാണ് രക്ഷപെടുത്തിയവരെ ആശുപത്രിയിൽ എത്തിച്ചത്. നാടൊട്ടാകെ ഈ യുവതിയെ അനുമോദിക്കുകയാണ്

Advertisement