കണ്ണൂരില്‍ കണ്ടെത്തിയ സ്റ്റീല്‍പാത്ര ബോംബുകള്‍ ,ഫയല്‍ ചിത്രം

കണ്ണൂര്‍: ആക്രി പെറുക്കുന്നതിനിടെ ലഭിച്ച സ്റ്റീല്‍ മൊന്ത നിധിയാണെന്ന് കരുതി വീട്ടില്‍ കൊണ്ടുപോയി, മട്ടന്നൂരില്‍ വീടിനകത്ത് ബോംബ് പൊട്ടി അന്യ സംസ്ഥാന തൊഴിലാളികളായ പിതാവും മകനും മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

ആക്രിപെറുക്കുന്നതിനിടയില്‍ ലഭിച്ച സ്‌ഫോടകവസ്തു അറിയാതെ കൈകാര്യം ചെയ്തപ്പോള്‍ പൊട്ടിത്തെറിച്ചതാകാമെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം.കൂടുതല്‍ പേരെ ചോദ്യം ചെയ്തപ്പോഴാണ്.കണ്ണൂരിന്റെ ബോംബുരാഷ്ട്രീയമാണ് പാവപ്പെട്ട തൊഴിലാളികളെ ഇല്ലാതാക്കിയതെന്ന് വ്യക്തമായത്.
ബോംബിന്റെ ഉറവിടത്തെക്കുറിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. വീട്ടില്‍ സ്ഫോടക വസ്തു സൂക്ഷിച്ചിരുന്നോ എന്നും അന്വേഷിക്കും. മട്ടന്നൂര്‍ പത്തൊമ്ബതാം മൈല്‍ ചാവശേരിക്കടുത്ത് നെല്ലിയാട്ട് അമ്ബലത്തിന് സമീപത്തെ വാടകവീട്ടില്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനമുണ്ടായത്. ആസാം സാര്‍ബോഗ് ബാര്‍മനഗര്‍ ബാര്‍പെറ്റ സ്വദേശി ഫസല്‍ഹഖ് (52) മകന്‍ ഷാഹിദുള്‍ (25) എന്നിവരാണ് മരിച്ചത്. ഫസല്‍ഹഖ് സംഭവ സ്ഥലത്തും ഷാഹിദുള്‍ ആശുപത്രിയിലുമാണ് മരിച്ചത്.

ആക്രി പെറുക്കുന്നതിനിടെ ലഭിച്ച സ്റ്റീല്‍ മൊന്ത നിധിയാണെന്ന് കരുതി വീട്ടില്‍ കൊണ്ടുപോകുകയായിരുന്നുവെന്നാണ് സൂചന. നിധിയുടെ വിവരം പുറത്തറിയാതിരിക്കാന്‍ ഫസല്‍ഹഖ് മറ്റൊരു മകന്‍ തഫീഖുലിനെയും രണ്ട് തൊഴിലാളികളെയും സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിച്ച് കടയിലേക്ക് അയച്ചിരുന്നു.തുടര്‍ന്ന് വീടിന്റെ മുകളിലത്തെ നിലയില്‍ കയറിയ ഫസല്‍ഹഖും ഷാഹിദുളും പാത്രം തുറന്നപ്പോഴാണ് ഉഗ്ര സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഇരുവരും തെറിച്ചു താഴേക്ക് വീഴുകയായിരുന്നു.

കണ്ണൂരിലെ ബോംബുരാഷ്ട്രീയത്തിന്‍റെ ആരും മണ്ഡപം തീര്‍ക്കാത്ത രക്തസാക്ഷികളാവും തങ്ങളെന്ന് പാവപ്പെട്ട അന്യസംസ്ഥാനതൊഴിലാളികള്‍ അറിഞ്ഞിരുന്നില്ല. ബലിദാനികളെയും രക്തസാക്ഷികളെയുമുണ്ടാക്കാന്‍ മൊന്ത കുഴിച്ചിടുമെന്ന് അവരെങ്ങനെയറിയാന്‍.

പഴയരാഷ്ട്രീയ വൈരത്തിന്‍റെ മൈനുകള്‍ യുദ്ധപറമ്പിലെന്നപോലെ ജീവനെടുക്കാന്‍ പതിയിരിക്കുന്നുണ്ട് പലയിടത്തുമെന്നത് ഭീകരമായ സാഹചര്യമാണെങ്കിലും അത് അധികൃതരിനിയും ഗൗരവത്തോടെ എടുത്തിട്ടില്ല.