തൃശൂര്‍. കുന്നംകുളത്ത് യുവതിയെ കാറില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താല്‍ ശ്രമിച്ച കേസില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുരുവായൂര്‍ കാവീട് കരുവായി പറമ്പ് സ്വദേശി അര്‍ഷാദിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് ഒപ്പം യാത്ര ചെയ്തിരുന്ന യുവതിയെ ഇയാള്‍ കാറില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളുടെ വീട്ടിൽ നിന്ന് 6 ഗ്രാം എംഡിഎംഎ യും പൊലീസ് പിടിച്ചെടുത്തു

ഇന്ന് രാവിലെ ഏഴരയോടെ കുന്നംകുളം പട്ടാമ്പി റോഡിലാണ് കാറിന്‍റെ ബോണറ്റില്‍ നിന്ന് യുവതി തെറിച്ച് റോഡിലേക്ക് വീണത്.
തുടര്‍ന്ന് കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. യുവതിയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആദ്യം കുന്നംകുളത്തെ സ്വകാര്യ
ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലുമെത്തിച്ചു. ചെറായി സ്വദേശിയായ 37 വയസുള്ള പ്രതീക്ഷയ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതിയും
കാവീട് സ്വദേശിയായ അര്‍ഷാദും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് ഭര്‍ത്താവുമായി പിണങ്ങിയ യുവതി അര്‍ഷാദിനൊപ്പം പോയി.
ഇന്ന് രാവിലെ കുന്നംകുളത്ത് യുവതിയെ ഇറക്കിവിടാന്‍ അര്‍ഷാദ് ശ്രമിച്ചു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
ഇതോടെയാണ് കാറില്‍ നിന്ന് തള്ളിയിടാന്‍ നീക്കമുണ്ടായത്. കാര്‍ മുന്നോട്ടെടുത്തപ്പോള്‍ ബോണറ്റില്‍ യുവതി അള്ളിപ്പിടിച്ചിരുന്നു.
വേഗത്തിലോടിച്ച കാര്‍ പൊടുന്നനെ ബ്രേക്കിട്ടപ്പോള്‍തെറിച്ചുവീഴുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അര്‍ഷാദിനെ പിടികൂടിയത്. ഇയാള്‍ ലഹരിക്കടിമയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മെഡിക്കല്‍കോളേജില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്