കണ്ണൂർ. മട്ടന്നൂരിൽ സ്ഫോടനത്തിൽ 2 മരണം. അസം സ്വദേശികളായ ഫസൽ ഹഖ്, മകൻ സെയ്ദുൽ ഹഖ് എന്നിവരാണ് മരിച്ചത്. കച്ചവടത്തിനായി ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് സ്ഫോടനം നടന്നത്.

കണ്ണൂർ മട്ടന്നൂരിലെ 19-ാംമൈലിൽ വൈകിട്ട് ആറുമണിയോടെയാണ് സ്ഫോടനം നടന്നത്. കച്ചവടത്തിനായി ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ ഉഗ്ര ശബ്ദത്തോടെ സ്ഫോടനം. അസം സ്വദേശിയായ 52‌ -കാരൻ ഫസൽ ഹഖ്, സ്ഫോടനത്തിൽ തൽക്ഷണം മരിച്ചു. പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 23-കാരൻ സെയ്ദുൾ ഹഖും മരണത്തിന് കീഴടങ്ങി. ബോംബ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച ആക്രിസാധനങ്ങൾക്കൊപ്പം സ്റ്റീൽ ബോംബുകളും ഉൾപ്പെട്ടതായാണ് പ്രാഥമിക നിഗമനം.

ആക്രിസാധനങ്ങൾ തരംതിരിക്കുന്നതിനിടെ സ്ഫോടനം നടന്നതായാണ് വിലയിരുത്തൽ. പഴയ വീടാണ് ആക്രി കച്ചവടത്തിനായി ഉപയോഗിച്ചിരുന്നത് ഈ കെട്ടിടത്തിന്റെ ഒരു ഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്. ഒന്നിൽ കൂടുതൽ ബോംബുകൾ പൊട്ടിത്തെറിച്ചെന്നാണ് നിലവിലെ വിലയിരുത്തൽ. ഫോറൻസിക് റിപ്പോർട്ട് ലഭ്യമായാലെ ഇക്കാര്യത്തിൽ വ്യക്തത വരൂ. സ്ഫോടന കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമെന്നാണ് പോലീസ് വിശദീകരണം. ആക്രി കച്ചവട സ്ഥാപന ഉടമയെ പോലീസ് ചോദ്യം ചെയ്യും. സ്ഫോടക വസ്തു സ്ഥലത്ത് എങ്ങനെ എത്തിയതെന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.