കൊച്ചി:
എച്ച് ആർ ഡി എസിൽ നിന്നുള്ള പുറത്താക്കൽ പ്രതീക്ഷിച്ചതാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. കാർ ഡ്രൈവറെ നേരത്തെ പിൻവലിച്ചിരുന്നു. സഹായിച്ചവർ പോലും പിൻമാറുകയാണ്. എച്ച് ആർ ഡി എസ് നൽകിയ വീടും മാറേണ്ടി വരുമെന്നും സ്വർണക്കടത്ത് കേസ് പ്രതി പറഞ്ഞു. ആർ എസ് എസ് അനുകൂല എൻജിഒ ആണ് എച്ച് ആർ ഡി എസ്. ഇവിടെ ജോലിക്ക് കയറിയതിന് പിന്നാലെയാണ് സ്വപ്‌ന സുരേഷ് ദിവസേന എന്നോണം മുഖ്യമന്ത്രിക്കും കുടുംബത്തിനും സിപിഎം നേതാക്കൾക്കുമെതിരെ ഓരോ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്.
സ്വപ്‌നയുടെ നിയമനം റദ്ദാക്കുകയാണെന്നും ജോലിയിൽ നിന്ന് ഒഴിവാക്കുകയാണെന്നും ഇന്ന് രാവിലെയാണ് എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ അറിയിച്ചത്. കേസ് അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജോലിയിൽ നിന്നുള്ള ഒഴിവാക്കൽ. നേരത്തെ സ്വപ്നക്ക് ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നത് എച്ച് ആർ ഡി എസ് ആണെന്ന് മുഖ്യമന്ത്രി സഭയിൽ ചൂണ്ടിക്കാണിച്ചിരുന്നു.