പാലക്കാട്.സ്വർണ്ണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി എച്ച്ആർഡിഎസ്. സ്വപ്നക്ക് ജോലി നൽകിയതിന്റെ പേരിൽ സർക്കാർ തങ്ങളെ നിരന്തരം വേട്ടയാടുകയാണെന്നും സ്ഥാപനത്തിലെ ജീവനക്കാരെ വിവിധ സർക്കാർ ഏജൻസികൾ നിരന്തരം ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കുകയാണെന്നും എച്ച്ആർഡിഎസ് ചീഫ് കോഡിനേറ്റർ ജോയ് മാത്യു പറഞ്ഞു.അതേസമയം സൗജന്യസേവനമെന്നോണം എച്ച്ആർഡിഎസിന്റെ സ്ത്രീശക്തികരണ സമിതി അധ്യക്ഷയായി സ്വപ്ന തുടരുമെന്നും എച്ച് ആർ ഡി എസ് അറിയിച്ചു.


കഴിഞ്ഞ ഫെബ്രുവരി 18നാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസിന്റെ സ്ത്രീ ശക്തികരണ സിഎസ്ആർ വിഭാഗം ഡയറക്ടറായി നിയമിച്ചത്.എന്നാൽ സ്വപ്നയുടെ 164 മൊഴിക്ക് പിന്നാലെ സർക്കാർ തങ്ങളെ നിരന്തരം വേട്ടയാടുന്നുവെന്നാണ് എച്ച്ആർഡിഎസ് HRDSവാദം. ഈ സാഹചര്യത്തിലാണ് സ്വപ്നയെ ജോലിയിൽ നിന്നും നീക്കിയത്. ലോക്കൽ പോലീസ് മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ സ്ഥാപനത്തിൽ കയറി ഇറങ്ങുകയാണെന്നും എച്ച്ആർഡിഎസിന് വർഗീയ പരിവേഷം നൽകി ഒറ്റപ്പെടുത്താൻ പലരും ശ്രമിക്കുകയാണെന്നും എച്ച്ആർഡിഎസ് ചീഫ് പ്രോജക്ട് കോഡിനേറ്റർ ജോയ് മാത്യു പറഞ്ഞു.

സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥരെ മുതൽ തൂപ്പുകാരെ വരെ സർക്കാറിന്റെ വിവിധ ഏജൻസികൾ നിരന്തരം ചോദ്യം ചെയ്ത്,ദൈനംദിന പ്രവർത്തികളെ പോലും തടസ്സപ്പെടുത്തുകയാണെന്നും എച്ച് ഡി എസ് ആരോപിച്ചു. സർക്കാരിനെതിരെ പട പൊരുതാൻ തങ്ങൾക്ക് ആരോഗ്യം ഇല്ല. ദുഃഖത്തോടെയാണെങ്കിലും സ്വപ്നയെ മാറ്റിനിർത്തുകയാണ്. സ്വർണ്ണ കടത്ത് കേസിലെ പ്രധാന പ്രതി ശിവശങ്കറിനെ സർക്കാർ സർവീസിൽ തിരികെ എടുത്ത പശ്ചാത്തലത്തിൽ ആയിരുന്നു സ്വപ്ന സുരേഷിന് തങ്ങൾ ജോലി നൽകിയതെന്നും എച്ച്ആർഡിഎസ് മാതൃകയിൽ ശിവശങ്കരനെ സർക്കാർ സർവീസിൽ നിന്നും പുറത്താക്കുമോ എന്നും എച്ച്ആർഡിഎസ് ചോദിച്ചു.