തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ഞായറാഴ്ചയാണ് സുധാകരന്‍ അമേരിക്കയിലേക്ക് പോകുന്നത്.

ശരീരത്തിലെ പേശികള്‍ക്ക് ബലക്കുറവുണ്ടാകുന്ന അസുഖത്തിന്റെ ചികിത്സയ്ക്കായാണ് അദ്ദേഹം പോകുന്നത്.

പത്തുദിവസത്തേക്കാണ് കെപിസിസി അധ്യക്ഷന്‍ ഇപ്പോള്‍ അമേരിക്കയിലേക്ക് പോകുന്നത്. അതുകൊണ്ടുതന്നെ പകരം ചുമതല ആര്‍ക്കും നല്‍കില്ലെന്നാണ് സൂചന. ചികിത്സ നീണ്ടാല്‍ പ്രസിഡന്റ് പദവിയിലേക്ക് പകരം ആളെ ചുമതലപ്പെടുത്തിയേക്കും.

കെപിസിസി അധ്യക്ഷനൊപ്പം ആരെങ്കിലും പാര്‍ട്ടിയില്‍ നിന്നും പോകുന്നുണ്ടോയെന്ന കാര്യം വ്യക്തമല്ല. നേരത്തെ തൃക്കാക്കര തെരഞ്ഞെടുപ്പ് സമയത്തും സുധാകരന്‍ ചികിത്സയിലായിരുന്നു. അന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് പ്രതിപക്ഷ നേതാവായിരുന്നു.

സുധാകരന്റെ ചികിത്സ നീണ്ടാല്‍ മാത്രമെ താല്‍ക്കാലികമായെങ്കിലും ഒരാള്‍ക്ക് ചുമതല നല്‍കാനിടയുള്ളുവെന്നാണ് സൂചന.