പാലക്കാട്: ആലത്തൂരിന് സമീപം തൃപ്പാളൂരിലെ രണ്ട് കൊറിയർ സ്ഥാപനങ്ങൾ കുത്തിത്തുറന്ന് 2.50 ലക്ഷം രൂപ കവർന്നു. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് മോഷണ വിവരം പുറത്തറിയുന്നത്. തൃപ്പാളൂർ ദേശീയപാതയ്ക്ക് സമീപമുള്ള ഓൺലൈൻ വിൽപ്പന ശാലകളുടെ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന ഗോലൈൻ നെറ്റ് വർക്ക് പ്രൈവറ്റ് ലിമിറ്റഡ്, ഇകോം എക്സ്പ്രസ് എന്നിവയുടെ ശാഖകളിലാണ് മോഷണം നടന്നത്. 


ഗോലൈനിൻ നിന്ന് 1.91 ലക്ഷം രൂപയും ഇകോമിൽ നിന്ന് 79,000 രൂപയുമാണ് നഷ്ടപ്പെട്ടതെന്ന് ജീവനക്കാർ പൊലീസിനെ അറിയിച്ചു. ഗോലൈനിൽ പണം അടങ്ങിയ ലോക്കർ അലമാരയ്‌ക്കുള്ളിൽ പൂട്ടിവെച്ചിരിക്കയായിരുന്നു . അലമാര കുത്തിത്തുറന്നെങ്കിലും ലോക്കർ തുറക്കാൻ കഴിഞ്ഞില്ല. ഇതോടെ ലോക്കറുമായി കള്ളൻമാർ കടന്നു കളയുകയായിരുന്നു. ഇകോമിൽ നിന്ന് അലമാര കുത്തിത്തുറന്ന് പണമെടുക്കുകയായിരുന്നു. 
ഞായറാഴ്ച രാത്രി 12ന് ശേഷം പാന്റ്‌സും കോട്ടും മുഖാവരണവും തൊപ്പിയും ധരിച്ച് രണ്ട് പേർ സ്ഥാപനങ്ങളിലേക്ക് വരുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. ഗോലൈനിലെ സിസിടിവിയുടെ റെക്കോർഡർ മോഷ്ടാക്കൾ എടുത്തു മാറ്റിയ നിലയിലാണ്. ഇത് വീണ്ടെടുക്കാനായില്ല. ഇകോമിലെ സിസിടിവിയിൽ ഇവർ അലമാര കുത്തിത്തുറന്ന് പണം കവരുന്ന ദൃശ്യമുണ്ട്.


തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് ഗോലൈനിൽ സാധനങ്ങൾ ഇറക്കാൻ ലോറി വന്നെങ്കിലും ഡ്രൈവർ മോഷണ വിവരം അറിഞ്ഞില്ല. ഷട്ടർ പതിവു പോലെ താഴ്ത്തി ഇട്ടിരുന്നു. ആറ് മണിക്ക് ജീവനക്കാർ എത്തിയപ്പോഴാണ് പൂട്ട് പൊളിച്ചിട്ടിരിക്കുന്നത് കണ്ടത്. സമീപത്തെ ഇകോമിന്റെ പൂട്ടും പൊളിച്ചിട്ടിരുന്നു. പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.