തിരുവനന്തപുരം.തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നു. എകെജി സെന്റര്‍ ആക്രമണത്തിലുള്ള വിവാദങ്ങള്‍ ഏകദേശം കെട്ടടങ്ങിയപ്പോഴാണ് മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം. പ്രതിപക്ഷം മാത്രമല്ല സി.പി.എം സഹയാത്രികരും സജി ചെറിയാന്റെ രാജി ആവശ്യപ്പെടുന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു..രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അടുത്തിടെയുണ്ടായ വിവാദങ്ങളിലെല്ലാം സി.പി.എമ്മിന് കൈപൊള്ളുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയെ സി.പി.എം ഗൗരവത്തിലെടുത്തിട്ടില്ല. എന്നാല്‍ ഇതിന്റെ പേരില്‍ കറുത്ത മാസ്‌കിന് വരെ വിലക്ക് ഏര്‍പ്പെടുത്തിയത് പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കി.

തുടര്‍ന്നിങ്ങോട്ട് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ സംഭവങ്ങളുടെ നിരയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം, എകെജി സെന്റര്‍ ആക്രമണം എന്നിവയെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. സ്വന്തം പാര്‍ട്ടി ഓഫീസ് ആക്രമിക്കപ്പെട്ടിട്ടും പ്രതിയെ പിടികൂടുന്നതില്‍ അലംഭാവം കാട്ടി എന്നതിനു പുറമെ സി.പി.എം നേതാക്കള്‍ ആസൂത്രണം ആക്രമണം എന്ന ആക്ഷേപവും പാര്‍ട്ടിക്ക് നേരിടേണ്ടി വന്നു. ഇതില്‍ ഇന്നലെ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമയം അവതരിപ്പിക്കുന്ന അവസ്ഥയുമുണ്ടായി.

ഇതിലുള്ള വിവാദം കെട്ടടങ്ങുമ്പോഴാണ് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ഏറ്റവും കൂടുതല്‍ പ്രതിരോധിലാക്കി മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം പുറത്തുവരുന്നത്. മറ്റു വിഷയങ്ങളിലേതുപോലെ ഇതിനെ അവഗണിക്കാന്‍ സി.പി.എമ്മിന് കഴിയില്ല. പ്രതിപക്ഷവും ബി.ജെ.പിയും മാത്രമല്ല സി.പി.എമ്മിനെ അനുകൂലിക്കുന്ന സഹയാത്രികരും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകഴിഞ്ഞുവെന്നതും പാര്‍ട്ടിയെ ആശങ്കയിലാക്കുന്നു. ഭരണഘടനാ ലംഘനമാണാ് കേന്ദ്രത്തില്‍ ബി.ജെ.പി നടത്തുന്നതെന്ന് നേതാക്കള്‍ ആക്ഷേപം ഉന്നയിക്കുമ്പോഴാണ് ഭരണഘടനയെ തന്നെ തള്ളിപ്പറഞ്ഞ് പാര്‍ട്ടിയുടെ ഒരു മന്ത്രി രംഗത്ത് എത്തുന്നത്.

രാഷ്ട്രീയ വിഷയം എന്നതിലുപരി നിയമപരമായ വിഷയം കൂടിയാണിതെന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നുണ്ട്. ആരെങ്കിലും മന്ത്രിക്കെതിരെ കോടതിയെ സമീപിച്ചാല്‍ തിരിച്ചടിയുണ്ടായേക്കുമെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്. തല്‍ക്കാലം സജി ചെറിയാന് പിന്തുണ നല്‍കുകയും സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യുക എന്ന തന്ത്രപരമായ നിലപാടിലാണ് സി.പി.എം.