courtesy. kidilan trolls, fb

2022 ജൂലൈ 05 ചൊവ്വ

BREAKING NEWS

👉 സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

👉 ഇന്ന് വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മദിനം

👉 കനത്ത മഴയെ തുടർന്ന് കാസർകോട്, എല്ലാ സ്ക്കൂളുകൾക്കും, അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി.

👉 എറണാകുളത്തും ,
കൊട്ടാരക്കര കുളക്കടയിലും രണ്ട് വാഹനാപകടങ്ങളിൽ 4 പേർ മരിച്ചു.

👉 നടിയെ ആക്രമിച്ച കേസ്സിൽ ക്രൈം ബ്രാഞ്ച് നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്.

👉 അഗ്നിപഥിലൂടെ വ്യോമസേനയിൽ ചേരാനുള്ള അപേക്ഷ ഇന്ന് വൈകിട്ട് 5 വരെ നൽകാം.

👉 പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡി എം ഒ

👉 അമേരിക്കയിലെ ഇല്ലിനോയിയിൽ വെടിവെച്ച 22 കാരൻ അറസ്റ്റിൽ

👉 അട്ടപ്പാടിയിൽ വീണ്ടും കാട്ടാനകൂട്ടം .കോട്ടത്തറ ട്രൈബൽ സ്കൂളിന് സമീപം നിലയുറപ്പിച്ച് നാല് കുട്ടിയാനകൾ ഉൾപ്പെടെ 13കാട്ടാനകൾ.

👉 ഉദുമ മുൻ എം എൽ എ യും സി പി എം നേതാവുമായ പി.രാഘവൻ അന്തരിച്ചു.

👉 കെ.റ്റി ജലീൽ നൽകിയ ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷ് ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും.രാവിലെ 10ന് എറണാകുളം പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ.

👉 കുട്ടിയെ തട്ടിയെടുത്ത സംഭവത്തിലെ യുവതിയുടെ ഭർത്താവ് മണികണ്ഠനെ കേസ്സിൽ നിന്ന് ഒഴിവാക്കി.

കേരളീയം

courtesy. kidilan trolls, fb

🙏ഇന്നു ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

🙏ചാലക്കുടിപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. ജലവിതാനം ഉയരുന്നതിനാല്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ട് സ്ലൂയിഡ് വാല്‍വ് തുറന്ന് കൂടുതല്‍ വെള്ളം ഒഴുക്കും. ഡാമിലെ ഏഴു ഷട്ടറുകളും തുറന്നിരിക്കുകയാണ്. ആലപ്പുഴയിലെ തീരദേശങ്ങള്‍ കടലാക്രമണ ഭീഷണിയിലാണ്.

🙏എകെജി സെന്റര്‍ ആക്രമണത്തെ പ്രതിപക്ഷവും കെപിസിസിയും അപലപിക്കാത്തതില്‍ ആശ്ചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇ.പി. ജയരാജനാണ് ആക്രമണം നടത്തിയതെന്ന് ആരോപിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ചെയ്തത്. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

🙏എകെജി സെന്റര്‍ ആക്രമണത്തില്‍ പൊലീസിനും പങ്കുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എകെജി സെന്റര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും സതീശന്‍ ആരോപിച്ചു.

🙏ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്നു പറഞ്ഞ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.

🙏ചോദ്യം ചോദിക്കുന്നവരോട് പ്രതിപക്ഷ നേതാവ് മോശമായി പെരുമാറുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍. മണ്ണെണ്ണ വില കൂട്ടിയത് അടക്കം രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പ്രതിപക്ഷം കാണുന്നില്ല. പ്രതിപക്ഷം ബിരിയാണി ചെമ്പുമായി നടക്കുകയാണെന്നും അദ്ദേഹം കൂറ്റപ്പെടുത്തി.

🙏ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിലക്കി. മെനു കാര്‍ഡിലെ വിലയും ജിഎസ്ടിയും ഈടാക്കാം. ഏതെങ്കിലും തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതിപ്പെടണമെന്നും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. 1915 എന്ന നമ്പറിലാണ് പരാതി നല്‍കേണ്ടത്.

🙏പാല്‍, തൈര്, പാലുല്‍പന്നങ്ങള്‍ തുടങ്ങിയവയ്ക്കു ജൂലൈ 18 മുതല്‍ ജിഎസ്എടി നികുതി. ഏതാനും ഇനങ്ങളുടെ നിരക്ക് ഉയരും. പാലുല്‍പ്പന്നങ്ങള്‍ക്കും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും അഞ്ചു ശതമാനമാണു നികുതി നിരക്ക്. പനീര്‍, ലസ്സി, മോര്, പായ്ക്ക് ചെയ്ത തൈര്, ഗോതമ്പ് പൊടി, മറ്റ് ധാന്യങ്ങള്‍, തേന്‍, പപ്പടം, ഭക്ഷ്യധാന്യങ്ങള്‍, മാംസം, മത്സ്യം (ശീതീകരിച്ചത് ഒഴികെ), ശര്‍ക്കര തുടങ്ങിയ പാക്ക് ചെയ്ത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും വില കൂടും.

🙏കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കു ഫേസ് ബുക്കിലൂടെ സുധാകരന്റെ തിരിച്ചടി. താങ്കളൊരു ‘ഗ്ലോറിഫൈഡ് കൊടി സുനി ‘ മാത്രമാണ്.

🙏പീഡന പരാതി വൈകിയതില്‍ ദുരൂഹതയുണ്ടെന്ന് പി.സി. ജോര്‍ജിന് ജാമ്യം അനുവദിച്ച വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ജോര്‍ജിനെ അറസ്റ്റു ചെയ്ത പോലീസ് സുപീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ചില്ല. പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവു പാലിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. കലാപമുണ്ടാക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നതിനിടെയാണ് ജോര്‍ജിനെ സോളാര്‍ തട്ടിപ്പുകാരിയുടെ പീഡന പരാതിയില്‍ അറസ്റ്റു ചെയ്തത്.

🙏പരാതി വൈകിയാലും ലൈംഗികാതിക്രമ കേസുകളില്‍ അന്വേഷണം വൈകരുതെന്ന് ഹൈക്കോടതി. ഇരയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

🙏മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന് പീഡന പരാതിയില്‍ ജാമ്യം അനുവദിച്ചതിനെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണ് പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചതെന്നാണ് പരാതിക്കാരിയുടെ വാദം.

🙏അങ്ങാടിപ്പുറം മാലാപറമ്പിലെ റബര്‍ തോട്ടത്തില്‍ അജ്ഞാത സ്ത്രീ കൊല്ലപ്പെട്ട കേസില്‍ പതിനേഴര വര്‍ഷങ്ങള്‍ക്കു ശേഷം പുനരന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടു. പത്തത്ത് അബ്ദു എന്ന പൊതു പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

🙏തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പര്‍ തട്ടിപ്പ്. സംഭവത്തില്‍ നഗരസഭയിലെ രണ്ടു താത്കാലിക ഡാറ്റാ എന്‍ട്രി ജീവനക്കാരെ നീക്കി. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തല്‍. പൊലീസ് കേസെടുത്തിട്ടുണ്ട്.

🙏ബിസിനസ് സൗഹൃദ സൂചിക അടിസ്ഥാനമാക്കിയുള്ള പട്ടികയില്‍ കേരളം പതിനഞ്ചാം സ്ഥാനത്ത്. രാജ്യത്തെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള പട്ടികയില്‍ 2019 ല്‍ 28 -ാം സ്ഥാനത്തായിരുന്നു കേരളം.

🙏ഇടുക്കി നെടുങ്കണ്ടത്തിനു സമീപം മുണ്ടിയെരുമയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ആക്രമിച്ചു. പത്തോളം പേര്‍ക്ക് പരിക്ക്. രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

🙏കോഴിക്കോട് കോടഞ്ചേരിക്കടുത്ത പതങ്കയം വെള്ളച്ചാട്ടത്തിനരികെ ഒഴുക്കില്‍പെട്ട പതിനേഴുകാരനെ കണ്ടെത്താനായില്ല. ചാത്തമംഗലം മലയമ്മ സ്വദേശി ഹുസ്നി ആണ് ഒഴുക്കില്‍പ്പെട്ടു കാണാതായത്.

🙏തമിഴ്നാട് പൊള്ളാച്ചിയില്‍നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പതിമ്മൂന്നു വയസുകാരി കൂടി അറസ്റ്റില്‍. നേരത്തെ അറസ്റ്റിലായ പാലക്കാട് കൊടുവായൂര്‍ സ്വദേശി ഷംനയ്ക്ക് ഒപ്പമുണ്ടായിരുന്ന ബാലികയെയാണ് അറസ്റ്റു ചെയ്തത്.

🙏കോഴിക്കോട് ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണ കേസില്‍ അറസ്റ്റിലായ ഒന്‍പത് പ്രതികളുടെയും ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ മര്‍ദിച്ച കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ഉള്‍പ്പെടെയുള്ളവരാണ് റിമാന്‍ഡിലുള്ളത്.

🙏കെട്ടിടം പണിക്കിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. അടിമാലി വെള്ളത്തൂവല്‍ മുതുവാന്‍ കുടിയില്‍ കുഴിയിലില്‍ പൗലോസ് (52) ആണു മരിച്ചത്.

🙏ആലപ്പുഴ ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളില്‍ കരി ഓയില്‍ ഒഴിച്ച് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കു കളിക്കാന്‍ സൂക്ഷിച്ച ഉപകരണങ്ങളിലാണ് കരി ഓയില്‍ ഒഴിച്ചത്.

ദേശീയം

🙏ആന്ധ്രാപ്രദേശിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പസാല കൃഷ്ണ മൂര്‍ത്തിയുടെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. പസാല കൃഷ്ണമൂര്‍ത്തിയുടെ മകള്‍ പസാല കൃഷ്ണ ഭാരതിയുടെ കാല്‍ വന്ദിച്ച് പ്രധാനമന്ത്രി അനുഗ്രഹം തേടി.

🙏പഞ്ചാബ് കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ വെടിയുതിര്‍ത്ത പതിനെട്ടര വയസുകാരന്‍ അടക്കം രണ്ടു പേര്‍ കൂടി പിടിയില്‍. ഹരിയാന സ്വദേശിയായ അങ്കിത്, ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച സച്ചിന്‍ ഭിവാനി എന്നിവരാണ് പിടിയിലായത്.

🙏ഒരാഴ്ച മുന്‍പ് ഉദ്ധവിനു വേണ്ടി പൊട്ടിക്കരഞ്ഞ എംഎല്‍എ ഒറ്റ രാത്രികൊണ്ട് ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം. സന്തോഷ് ബംഗാര്‍ എന്ന എംഎല്‍എയാണ് ഒറ്റരാത്രികൊണ്ടു കളംമാറ്റിയത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഉദ്ധവിനൊപ്പമായിരുന്ന ഇയാള്‍ ഇന്നലെ സഭയിലെത്തിയത് ഷിന്‍ഡെയ്ക്കൊപ്പമായിരുന്നു.

🙏കര്‍ണാടകയിലെ എസ്ഐ പരീക്ഷാക്രമക്കേട് കേസില്‍ എഡിജിപി അമൃത് പോളിനെ അറസ്റ്റുചെയ്തു. കേസ് അന്വേഷിക്കുന്ന സിഐഡി സംഘമാണ് അറസ്റ്റ് ചെയ്തത്. ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് പത്തു ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് ആരോപണം.


🙏ആന്ധ്രാപ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കറുത്ത ബലൂണുകള്‍ പറപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വിജയവാഡയിലെ ഗന്നവാരം വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന പ്രധാനമന്ത്രി മോദിയുടെ ഹെലികോപ്റ്ററിന് സമീപത്തു കറുത്ത ബലൂണുകള്‍ പ്രത്യക്ഷപ്പെട്ടു.

🙏മധ്യപ്രദേശിലെ ദേവാസില്‍ വിവാഹേതര ബന്ധം ആരോപിച്ച് ആദിവാസി സ്ത്രീയെ നാട്ടുകാര്‍ മര്‍ദ്ദിച്ച് ഭര്‍ത്താവിനെ ചുമലിലേറ്റി ഗ്രാമം ചുറ്റിച്ചു. ബോര്‍പദാവ് എന്ന ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവ് ഉള്‍പ്പെടെ ഒമ്പതു പേരെ ഉദയ്നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

അന്തർദേശീയം


🙏സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ. കാല്‍മുട്ടിലെ വേദനമൂലം മാര്‍പാപ്പ ഈയിടെ വീല്‍ചെയറിലാണു പൊതുവേദികളില്‍ എത്തിയിരുന്നത്. ചില വിദേശയാത്രകള്‍ റദ്ദാക്കുകയും ചെയ്തു. ഇതോടെ മാര്‍പാപ്പ അനാരോഗ്യംമൂലം പദവി ഒഴിയുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

🙏അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡായ ജൂലൈ നാല് പരേഡിനു നേരെ ഷിക്കാഗോയിലെ ഹൈലന്റ് പാര്‍ക്കിലുണ്ടായ വെടിവയ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു.


🙏വടക്കന്‍ ഇറ്റാലിയന്‍ ആല്‍പ്‌സില്‍ ഹിമപാതത്തില്‍ കുടുങ്ങി ആറു പേര്‍ മരിച്ചു. കാണാതായ 19 പേരെ തെരയുകയാണ്. ഒമ്പതു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

കായികം

🙏എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി മുന്നില്‍ക്കണ്ട് ഇന്ത്യ. ഇന്ത്യക്കെതിരെ ചരിത്ര വിജയത്തിലേക്ക് ബാറ്റ് വീശി ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും. 378 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന ശക്തമായ നിലയിലാണ്. 76 റണ്‍സോടെ ജോ റൂട്ടും 72 റണ്‍സോടെ ജോണി ബെയര്‍സ്റ്റോയും ക്രീസില്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് അവസാനദിനം ജയത്തിലേക്ക് വേണ്ടത് 119 റണ്‍സ് മാത്രം.

🙏ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വമ്പന്‍ ജയം. പത്തുവിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ കീഴടക്കിയത്. ശ്രീലങ്കന്‍ വനിതകള്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 25.4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ വിജയത്തിലെത്തി. ഈ വിജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര സ്വന്തമാക്കി.