പാലക്കാട്. നഗരത്തിലെ തങ്കം ആശുപത്രിയില്‍ പ്രസവത്തെതുടര്‍ന്ന് നവജാത ശിശുവും അമ്മയും മരിച്ചു.ചികിത്സാപിഴവിന് മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചു.ഐശ്വര്യയുടെ മരണകാരണം അമിതമായ രക്തസ്രാവമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്


ഇന്ന് രാവിലെയാണ് തത്തമംഗലം സ്വദേശി രഞ്ജിതിന്റെ ഭാര്യ ഐശ്വര്യ മരിച്ചത്.ഇവരുടെ നവജാത ശിശു ഇന്നലെ മരിച്ചിരുന്നു.അമ്മയുടെയും കുഞ്ഞിന്റെയും മരണം ചികിത്സാപിഴവ് മൂലമെന്നാണ് ബന്ധുക്കളുടെ പരാതി.ഡോക്ടറെ അറസ്റ്റ് ചെയ്യണമെന്ന നിലപാടില്‍ ബന്ധുക്കള്‍ ഉറച്ച് നിന്നതോടെ ആശുപത്രി പരിസരം സംഘര്‍ഷഭരിതമായി.അതിവൈകാരികമായായിരുന്നു ബന്ധുക്കളുടെ പ്രതികരണം

ഒന്‍പത് മാസവും ഐശ്വര്യയെ പരിശോധിച്ച ഡോക്ടറല്ല പ്രസവം നോക്കിയതെന്നും അതാണ് രണ്ട് ജീവനുകള്‍ ഇല്ലാതാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു

തുടര്‍ന്ന് ആര്‍ഡിഓ സ്ഥലത്തെത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തി അന്വേഷണം ഉറപ്പ് നല്‍കി.ഒടുവില്‍ ഡോക്ടര്‍മാരായ പ്രിയദര്‍ശിനി, നിള, അജിത് എന്നിവര്‍ക്കെതിരെ ചികിത്സാ പിഴവിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

അമിതമായ രക്തസ്രാവമാണ് ഐശ്വര്യയുടെ മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്.വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത കൈവരുവെന്ന് പാലക്കാട് ഡിവൈഎസ്പി അറിയിച്ചു.നവജാത ശിശുവിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നുവെന്നാണ് കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്.

ഇതു മൂലം വാക്വം ഉപയോഗിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തതെന്നും ഇതിന്റെ ലക്ഷണങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മറവു ചെയ്ത കുഞ്ഞിനെ പുറത്തെടുത്തായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.സംഭവത്തില്‍ ആരോഗ്യമന്ത്രിയും ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.സംസ്ഥാന യുവജന കമ്മീഷന്‍ ആശുപത്രിക്കെതിരെ സ്വമേധയ കേസെടുത്തു.വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്