തിരുവനന്തപുരം . കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പർ തട്ടിപ്പ്. കോമേഷ്യൽ ബിൽഡിംഗിന് അനധികൃതമായി കെട്ടിട നമ്പർ അനുവദിച്ചതായി നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ രണ്ട് താല്ക്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് നീക്കി. കർശന നടപടി സ്വീകരിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

പുതുതായി കെട്ടിട നമ്പർ അനുവദിക്കുന്നതിന് കഴിഞ്ഞ ആറ് മാസത്തിനിടെ 1600 അപേക്ഷകളാണ് തിരുവനന്തപുരം നഗരസഭ ആസ്ഥാനത്തും വിവിധ സോണൽ ഓഫീസുകളിലുമായി ലഭിച്ചത്. ഇതിൽ 312 കെട്ടിട നമ്പറുകൾ ഇതിനോടകം അനുവദിക്കപ്പെട്ടു. പുതിയ കെട്ടിട നമ്പറുകളെ കുറിച്ച് നഗരസഭ തന്നെ പരിശോധിച്ചപ്പോഴാണ് കേശവദാസപുരത്ത് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. കേശവദാസപുരം സ്വദേശി അജയഘോഷ് എന്നയാൾക്ക് നഗരസഭയുടെ ഔദ്യോഗിക നെറ്റ്‌വർക്ക് ഉപയോഗിച്ച് കൊമേഷ്യൽ ബിൽഡിംഗിന് കെട്ടിട നമ്പർ അനധികൃതമായി അനുവദിച്ച്‌ നൽകിയെന്നാണ് കണ്ടെത്തൽ.

ഇക്കഴിഞ്ഞ ജനുവരി 28 ന് രാവിലെ 8.26 – നും 8.37 നും ഇടയ്ക്ക് നഗരസഭ ആസ്ഥാനത്തെ കമ്പ്യൂട്ടർ ഉപയോഗിച്ച് കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു. തട്ടിപ്പ് നടന്നതിനെ തുടർന്ന് രണ്ട് താൽക്കാലിക ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ ജോലിയിൽ നിന്ന് നീക്കിയിട്ടുണ്ട്. നഗരസഭ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ക്രമക്കേട് പരിശോധിച്ച് വരികയാണെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

നേരത്തേ കോഴിക്കോടും സമാനമായ രീതിയിൽ കെട്ടിട നമ്പർ തട്ടിപ്പ് നടന്നിരുന്നു. ഇതിൽ അന്വേഷണം നടന്നുവരികയാണ്.