കെ എസ് ആർടിസി സിഎൻജിയാക്കുന്നത് പഴയ ബസ്, നടപടി ചെലവ് കുറയ്ക്കാൻ

തിരുവനന്തപുരം: ഇന്ധന വിലവർധനവിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റാൻ കെ.എസ്.ആർ.ടി.സി. നിലവിലുള്ള കാലാവധി കഴിയാറായ ഡീസൽ എഞ്ചിൻ ബസുകളുടെ എഞ്ചിൻ മാറ്റി പകരം സിഎൻജി എഞ്ചിൻ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. പുതിയ സിഎൻജി ബസ് വാങ്ങാൻ 65 ലക്ഷം രൂപയിലധികം ചിലവാകുമെന്നതിനാലാണ് ഡീസൽ ബസിനെ സിഎൻജിയിലേക്ക് മാറ്റുന്നത്.

ഡീസൽ ബസിനെ സിഎൻജിയിലേക്ക് മാറ്റുന്ന പ്രവൃത്തികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ഒരു ബസിൽ സിഎൻജി എഞ്ചിൻ അടക്കം ഘടിപ്പിച്ച് പൂർണ സജ്ജമാക്കിയിട്ടുണ്ട്. നാലെണ്ണത്തിന്റെ പണികൾ നടന്നുകൊണ്ടിരിക്കുന്നു. ആകെ പത്ത് ബസുകൾ സിഎൻജിയിലേക്ക് മാറ്റുമെന്നാണ് വിവരം.

ഡീസൽ ബസിൽ സിഎൻജി എഞ്ചിൻ ഘടിപ്പിക്കുന്നതിന് ബസൊന്നിന് 6.5 ലക്ഷം രൂപ ചിലവ് വരും. ഇങ്ങനെ സിഎൻജിയിലേക്ക് മാറ്റിയ ബസിന്റെ ആദ്യ പരീക്ഷണ ഓട്ടം തിരുവനന്തപുരത്താണ് നടത്തുക. അടിക്കടി കയറ്റവും ഇറക്കവുമുള്ള റോഡുകൾ തിരുവനന്തപുരത്ത് കൂടുതലുള്ളതുകൊണ്ടാണ് ബസിന്റെ ഇന്ധന ക്ഷമത പരീക്ഷിക്കാനായി ഇവിടെ ഓടിക്കുന്നത്. പരീക്ഷണ ഫലത്തിന്റെ അടിസ്ഥാനത്തിൽ സർവീസിനുള്ള റൂട്ടുകൾ നിശ്ചയിക്കും.

പരീക്ഷണം വിജയിച്ചാൽ പഴയ പഴയ ഡീസൽ ബസുകളിൽ സിഎൻജി എഞ്ചിൻ സ്ഥാപിക്കുന്നത് വ്യാപിപ്പിക്കും. 100 ബസുകളെങ്കിലും സിഎൻജി സംവിധാനത്തിലേക്ക് മാറുമെന്നാണ് വിവരം. നേരത്തെ 700 സിഎൻജി ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. എന്നാൽ സിഎൻജിയുടെ വിലവർധനവും മൈലേജും ലഭ്യതയുമൊക്കെ പരിഗണിച്ച് കൂടിയ വിലയ്ക്ക് സിഎൻജി ബസുകൾ വാങ്ങുന്നത് ബാധ്യതയാകുമെന്ന് കണ്ട് ആ നീക്കം ഉപേക്ഷിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പഴയ ബസിനെ സിഎൻജിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇതിന്റെ പ്രവൃത്തികളുമായി മാനേജ്മെന്റ് മുന്നോട്ടുപോവുകയാണ്. ഭാവിയിൽ കൂടുതൽ പഴയ ബസുകളെ സിഎൻജിയിലേക്ക് മാറ്റി വീണ്ടും ഉപയോഗിക്കുന്ന രീതി പരീക്ഷിച്ചേക്കാം.

ഡൽഹിയിലെ ജിയോ ലുക്ക് എന്ന സ്ഥാപനമാണ് ഡീസൽ ബസുകളെ സിഎൻജിയിലേക്ക് മാറ്റാൻ കെ.എസ്.ആർ.ടി.സിയുമായി സഹകരിക്കുന്നത്.

Advertisement