മലപ്പുറം . സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ തിരൂർക്കാട് സ്വദേശി നൗഫൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. ആരെങ്കിലും ആവശ്യപ്പെട്ടത് പ്രകാരമാണോ നൗഫല്‍ സ്വപ്നയെ വിളിച്ചത് എന്നതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

നൗഫൽ മാനസിക പ്രശ്നങ്ങൾ ഉള്ള വ്യക്തിയാണെന്ന് പൊലീസ് തന്നെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ സ്വപ്നയുടെഫോൺ നമ്പർ നൗഫലിന് എങ്ങനെ ലഭിച്ചു എന്നതാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഈ പശ്ചാത്തലത്തിൽ കേസിലെ പ്രതിയായ നൗഫലിനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും, വസ്തുതകളും വിലയിരുത്തുന്നതിനായി
പ്രതിയോട് വീണ്ടും സ്റ്റേഷനിൽ ഹാജരാവാനാണ് മങ്കട പൊലീസിന്റെ നിർദേശം.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് കേസിലെ പ്രതിയായ നൗഫലിനെ സഹോദരങ്ങളായ നിസാറിനും, ഹാരിസിനുമൊപ്പം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ എന്നീ വകുപ്പുകൾ ചേർത്താണ് പൊലീസ് നൗഫലിനെതിരെ കേസ് എടുത്തിരിക്കുന്നത്. ജാമ്യം ലഭിച്ചെങ്കിലും നൗഫലിന്റെ മൊബൈൽ ഫോൺ പൊലീസ് തിരികെ നൽകിയിട്ടില്ല. അതേ സമയം കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കെതിരെ നൗഫലിന്റെ സഹോദരങ്ങൾ രംഗത്ത് വന്നു. മാനസിക അസ്വാസ്ഥ്യമുള്ളയാളോട് വീണ്ടും സ്റ്റേഷനിൽ ഹാജരാവാൻ പറയുന്നത് പ്രയാസമുണ്ടാക്കുന്നതായി ഇവർ പ്രതികരിച്ചു.