തിരുവനന്തപുരം.എ.കെ.ജി സെന്ററിനു നേരെയുണ്ടായ ബോംബ് ആക്രമണത്തിൽ പ്രതിരോധത്തിലായി സർക്കാരും സി.പി.എ.മ്മും.അക്രമിയെ പിടികൂടാൻ കഴിയാത്തത് പ്രതിപക്ഷം ശക്തമായ ആക്ഷേപമായി ഉയർത്തും.സിസിറ്റിവി ദൃശ്യങ്ങളുടെ സാധ്യത കൂടി അവസാനിച്ചതോടെ പോലീസ് അന്വേഷണവും പ്രതിസന്ധിയിലായി.

പ്രത്യേക സംഘം പരിശോധിച്ചത് 70 ഓളം സിസിറ്റിവി ദൃശ്യങ്ങൾ.അക്രമിയെ കുറിച്ച് ഇത് വരെയും പോലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ല.
നിലവിൽ കസ്റ്റഡിയിൽ എടുത്ത എല്ലാവരെയും വിട്ടയച്ചു.മൊബൈൽ ടവർ പരിശോധിച്ചുള്ള അന്വേഷണവും എങ്ങുമെത്തിയില്ല.ഇതോടെ പോലീസ് പൂർണമായും പ്രതിരോധത്തിലായി.
ഇനിയുള്ളത് ക്രിമിനൽ മാപ്പിങ് അടക്കമുള്ള മറ്റു വഴികളാണ്.നഗരത്തിലെ മുഴുവൻ പോലീസ് സംവിധാനങ്ങളും ഊർജിതമായ അന്വേഷണം നടത്തുന്നുണ്ട്.തലസ്ഥാന നഗരത്തിൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ പ്രധാന കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിൽ നാലാം ദിവസവും പ്രതിയെ പിടികൂടാൻ കഴിയാത്തത് പ്രതിപക്ഷം ചർച്ചയാക്കും.

മുഖ്യമന്ത്രി കയ്യാളുന്ന ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയായി വിഷയത്തെ ഉയർത്താനാണ് പ്രതിപക്ഷ നീക്കം.അതിനിടയിലാണ് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളെല്ലാം പോലീസ് തിരുത്തി പറഞ്ഞത്.സംശയത്തിന്റെ പേരിൽ കസ്റ്റഡിയിൽ എടുത്ത അന്തിയൂർക്കോണം സ്വദേശിയെ 30 മണിക്കൂറിനു ശേഷം മറ്റൊരു കേസ് ചുമത്തി ജാമ്യത്തിൽ വിട്ടയച്ചതും പോലീസിന് നേരെയുണ്ടായ വിമർശനമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.