തിരുവനന്തപുരം: നേമത്തെ കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ മന്ത്രാലയത്തിൻറെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 2011-12ലെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ പ്രാധാന്യം 2019ൽ തറക്കല്ലിടുമ്പോൾ കേന്ദ്ര റെയിൽവേ മന്ത്രി ഉയർത്തിക്കാട്ടിയിരുന്നു. പദ്ധതി പൂർത്തിയായാൽ കോച്ചുകളുടെ അറ്റകുറ്റപ്പണികൾ പൂർണ്ണമായും ഇവിടേക്ക് മാറ്റുമെന്നും ഉറപ്പ് നൽകിയിരുന്നു.
പദ്ധതി ഉപേക്ഷിച്ചതോടെ ഭൂമി വിട്ടുനൽകിയവരും ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടു. കേരളത്തിലെ റെയിൽവേ വികസനത്തിന് പുതിയ ഊർജ്ജം നൽകുന്ന ഈ പദ്ധതിയാണ് ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. തീരുമാനം തിരുത്തി പദ്ധതി സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.